യുഎസ്-ചൈന വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങുന്നു

വാഷിങ്ടണ്‍: യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമിട്ട് യുഎസ് ട്രഷറി സെക്രട്ടറി ബെയ്ജിങ് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റീന്‍ ലാഗ്രേഡ് ആവശ്യപ്പെട്ടതിനു പിറകെയാണ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന പ്രഖ്യാപനവുമായി യുഎസ് രംഗത്തെത്തിയത്.
യുഎസ് പ്രഖ്യാപനത്തെ ചൈനയും സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ തുടരുന്ന തര്‍ക്കം അവസാനിപ്പിക്കണമെന്നു ശനിയാഴ്ച അവസാനിച്ച സാമ്പത്തിക മന്ത്രിമാരുടെ യോഗവും ആവശ്യപ്പെട്ടിരുന്നു. ഇത്തരം തര്‍ക്കങ്ങള്‍ ഭൂഖണ്ഡാന്തര സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും സാമ്പത്തികകാര്യ മന്ത്രിതല യോഗത്തിനു ശേഷം അന്താരാഷ്ട്ര നാണയനിധി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു നികുതി വര്‍ധിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയതും ഇതിനുപിറകെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള ചൈനീസ് തീരുമാനവുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമാക്കിയത്. യുഎസിലെ സോയാബീന്‍ വ്യവസായത്തിന് തിരിച്ചടിയായേക്കാവുന്ന തീരമാനമായിരുന്നു ചൈനയുടേത്.

RELATED STORIES

Share it
Top