യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് നിക്കി ഹാലി

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം യുഎന്‍ പൊതുസഭ തള്ളിയതിനെതിരേ യുഎസും ഇസ്രായേലും രംഗത്തെത്തി.  പൊതുസഭയില്‍ യുഎസ് ഒറ്റപ്പെട്ട ദിവസം മറക്കാന്‍ കഴിയില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ യുഎസ് സ്ഥാനപതി നിക്കി ഹാലി പ്രതികരിച്ചു. ഇസ്രായേലിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്കു മാറ്റുക തന്നെ ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.ഐക്യരാഷ്ട്ര സഭയുടെ പ്രമേയം അമേരിക്കയുടെ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. എന്നാല്‍, ഐക്യരാഷ്ട്ര സഭയെപ്പറ്റിയുള്ള അമേരിക്കയുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തും. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ കാഴ്ചപ്പാടിലും മാറ്റം വരുമെന്നു ഹാലി പറഞ്ഞു. സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യയടക്കമുള്ള 128 രാജ്യങ്ങള്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയത്തെ അനുകൂലിച്ചത്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, മാര്‍ഷല്‍ അയര്‍ലന്‍ഡ്, മൈക്രേനേഷ്യ, നൗറു, പലൗ, ടോഗോ എന്നിവയാണ് പ്രമേയത്തിനെതിരേ യുഎസിനും ഇസ്രായേലിനും ഒപ്പംനിന്ന മറ്റു രാജ്യങ്ങള്‍.കാനഡ, അര്‍ജന്റീന, കൊളംബിയ, ചെക് റിപബ്ലിക്, ഹംഗറി, മെക്‌സിക്കോ തുടങ്ങിയ 35 രാജ്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. യുഎസിനെ പിന്തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ അവരുടെ എംബസി ജറുസലേമിലേക്കു മാറ്റുന്നത് പരിഗണിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഡിസംബര്‍ 6നാണ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി തെല്‍ അവീവില്‍ നിന്നു ജറുസലേമിലേക്കു മാറ്റുമെന്നു പ്രഖ്യാപിക്കുകയും ചെയ്തത്. തുടര്‍ന്ന്, ഫലസ്തീനിലും മറ്റ് അറബ് രാഷ്ട്രങ്ങളിലും ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു.  പ്രഖ്യാപനത്തിനെതിരേ കഴിഞ്ഞ തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തു. ഈ സാഹചര്യത്തിലാണ് അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് യുഎന്‍ പൊതുസഭ വ്യാഴാഴ്ച അടിയന്തരമായി ചേര്‍ന്നത്.

RELATED STORIES

Share it
Top