യുഎസ് ഉദ്യോഗസ്ഥനെ പാകിസ്താന്‍ തടഞ്ഞു

ഇസ്‌ലാമാബാദ്: വാഹനാപകട കേസില്‍പ്പെട്ട യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വദേശത്തേക്കു പോവുന്നതു പാകിസ്താന്‍ തടഞ്ഞു. ഇസ്‌ലാമാബാദില്‍ ചുവപ്പു സിഗ്‌നല്‍ മറികടന്നു മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചുവെന്ന കേസില്‍ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ അന്വേഷണം തുടരുകയാണ്. അദ്ദേഹം വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പാണു പാക് അധികൃതര്‍ യാത്ര വിലക്കിയതെന്നു ഡോണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു.
ഉദ്യോഗസ്ഥന്റെ യാത്രയ്ക്കായി അഫ്ഗാനിസ്താനിലെ സൈനിക താവളത്തില്‍ നിന്നു പ്രത്യേത സൈനിക വിമാനം ഇസ്‌ലാമാബാദില്‍ എത്തിച്ചിരുന്നു. എന്നാല്‍ യാത്ര മുടങ്ങിയതോടെ വിമാനം അഫ്ഗാനിസ്താനിലേക്കു തിരിച്ചയച്ചു. വൈകീട്ട് നാലോടെയാണു പ്രത്യേക വിമാനം അഫ്ഗാനിസ്താനിലെ യുഎസ് സൈനിക താവളത്തിലേക്ക് മടങ്ങിയത്.പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതരാണു യുഎസ് ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞത്. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടിച്ചെടുത്തതായും ഡോണ്‍ റിപോര്‍ട്ട് ചെയ്തു.
ജോസഫ് ഹാളിന് പൂര്‍ണ നയതന്ത്ര പരിരക്ഷ നല്‍കരുതെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണു കേണല്‍ ഹാള്‍ ഇസ്‌ലാമാബാദില്‍ വച്ച് ചുവപ്പ് സിഗ്‌നല്‍ മറികടന്ന് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സായുധ സംഘടനകള്‍ക്കു പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നുവെന്ന യുഎസിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നേരത്തെ വഷളായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇരുരാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശപ്പെട്ടിരുന്നു.

RELATED STORIES

Share it
Top