യുഎസില്‍ 52 ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസില്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ 52 ഇന്ത്യക്കാരും. പഞ്ചാബി, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്നവരാണ് ഓറിഗോണിലെ തടവില്‍ കഴിയുന്നത്.
അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നു രാജ്യത്തെത്തിയെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച അധികൃതര്‍ അറസ്റ്റ് ചെയ്ത 123 അംഗ സംഘത്തിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്. സിഖ്, ക്രിസ്ത്യന്‍ വിശ്വാസികളാണ് അറസ്റ്റിലായതെന്നും ഇന്ത്യയില്‍ മതപരമായ പീഡനം നേരിടുന്നതിനാല്‍ യുഎസില്‍ അഭയം തേടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഡെമോക്രാറ്റിക് ജനപ്രതിനിധി സൂസന്‍ ബൊണാമിസി തന്റെ ബ്ലോഗിലൂടെ അറിയിച്ചു. കുടുംബാംഗങ്ങള്‍ എവിടെയാണ് ഉള്ളതെന്നു തടവുകാര്‍ക്ക് ആര്‍ക്കും നിശ്ചയമില്ല.
ഇവിടെ സന്ദര്‍ശനം നടത്തിയ ഡെമോക്രാറ്റുകളും അമേരിക്ക സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ പ്രവര്‍ത്തകരുമാണ് അനധികൃത കുടിയേറ്റത്തിനു തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരു സെല്ലില്‍ മൂന്നുപേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ദിവസത്തില്‍ 22-23 മണിക്കൂറോളം ഇവര്‍ സെല്ലുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ക്ക് അഭിഭാഷകരുമായി സംസാരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും പരാതിയുണ്ട്. അനധികൃത കുടിയേറ്റ—ക്കാരെ  തടവിലാക്കിയതും അവരില്‍ നിന്നു കുട്ടികളെ വേര്‍പെടുത്തിയതും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

RELATED STORIES

Share it
Top