യുഎസില്‍ നിന്ന് 463 രക്ഷിതാക്കളെ കുട്ടികളെ കൂടാതെ നാടുകടത്തി

വാഷിങ്ടണ്‍: കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായി യുഎസ് അതിര്‍ത്തിയില്‍ കുട്ടികളില്‍ നിന്നു വേര്‍പിരിക്കപ്പെട്ട 463 രക്ഷിതാക്കളെ കുട്ടികളെ കൂടാതെ നാടുകടത്തിയായി റിപോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി ജയിലിലടച്ച കുട്ടികളുടെ 463 രക്ഷിതാക്കള്‍ രാജ്യത്തില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
കുട്ടികളെ രക്ഷിതാക്കളുമായി ഒന്നിപ്പിക്കുന്നതിനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിപ്പിക്കാനിരിക്കെ തിങ്കളാഴ്ച സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രക്ഷിതാക്കള്‍ രാജ്യംവിട്ടതെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
ചില രക്ഷിതാക്കളെ കുട്ടികളെ കൂടാതെ നാടുകടത്തിയാതി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 879 രക്ഷിതാക്കളെ കുട്ടികളുമായി വീണ്ടും ഒന്നിപ്പിച്ചതായും റിപോര്‍ട്ടിലുണ്ട്്. 917 രക്ഷിതാക്കള്‍ കുട്ടികളുമായി ഒന്നിപ്പിക്കാന്‍ യോഗ്യരല്ലെന്നും  റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടികളില്ലാതെ മാതാപിതാക്കളെ നാടുകടത്തിയതു ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.
ട്രംപ് ഭരണകൂടത്തിന്റെ സീറോ ടോളറന്‍സ് നടപടിയുടെ ഭാഗമായി മതിയായ രേഖകളില്ലാതെ യുഎസിലെത്തിയ 2500ഓളം കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിച്ച് ജയിലിലടച്ചിരുന്നു. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നു നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top