യുഎസിലേക്ക് റഷ്യന്‍ സൈനിക വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍

മോസ്‌കോ: ഉത്തരധ്രുവം വഴി യുഎസിലേക്ക് റഷ്യന്‍ സൈനിക വിമാനം പരീക്ഷണപ്പറക്കല്‍ നടത്തി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഇതാദ്യമായാണ് റഷ്യ ഈ പാതയിലൂടെ വിമാനത്തെ അയക്കുന്നത്. മുങ്ങിക്കപ്പലുകളെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുന്ന പോര്‍വിമാനമാണ് ഉത്തരധ്രുവം വഴി അയച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു പറഞ്ഞു. ഉത്തരധ്രുവത്തോട് ചേര്‍ന്നുള്ള ആര്‍ടിക് മേഖലയില്‍ യുഎസിന്റെയും ബ്രിട്ടന്റെയും സംയുക്ത നാവികാഭ്യാസം നടക്കുന്നതിനിടെയാണ് റഷ്യയുടെ പരീക്ഷണപ്പറക്കല്‍.
മുന്‍ ഉദ്യോഗസ്ഥനെതിരേ രാസായുധം പ്രയോഗിച്ചെന്ന് റഷ്യക്കെതിരായ ബ്രിട്ടന്റെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായിരുന്നു. ബ്രിട്ടനെ അനുകൂലിച്ച് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നടപടിയോട് മാന്യമായി പ്രതികരിക്കുമെന്ന റഷ്യയുടെ പ്രതികരണം ഇന്നലെ പുറത്തുവന്നു. റഷ്യയില്‍ നിയോഗിച്ച നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതായി സ്ലൊവാക്യ, മാള്‍ട്ട, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യന്‍ ന—യതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് മോണ്ടി നെഗ്രോ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ പങ്കാളികളായ സ്ലൊവാക്യയും മോണ്ടിനെഗ്രോയും റഷ്യക്ക് അനുകൂലമായ നിലപാടുകളായിരുന്നു നേരത്തേ സ്വീകരിച്ചിരുന്നത്.

RELATED STORIES

Share it
Top