യുഎസിന്റെ മധ്യസ്ഥം അംഗീകരിക്കില്ല: അബ്ബാസ്

പാരിസ്: ഇസ്രായേലുമായുള്ള സമാധാനത്തിന് യുഎസ് മുന്നോട്ടുവയ്ക്കുന്ന ചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്നു ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസിന്റെ പ്രഖ്യാപനത്തെ യുഎന്‍ തള്ളിയതിനു പിന്നാലെയായിരുന്നു അബ്ബാസിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കാനായുള്ള പുതിയ കരാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് യുഎസ്. എന്നാല്‍, വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2018 ആദ്യത്തോടെ അതു പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജറുസലേം പ്രഖ്യാപനത്തിലൂടെ സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ താന്‍ യോഗ്യനല്ലെന്നു ട്രംപ് സ്വയം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പാരിസില്‍ പറഞ്ഞു. യുഎസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച അബ്ബാസ് മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഫലസ്തീനിലേക്ക് സ്വാഗതം ചെയ്യില്ലെന്നും അറിയിച്ചു. യുഎസിന്റെ നീക്കം നിയമവിരുദ്ധവും മനുഷ്യാവകാശലംഘനമാണെന്നും ഫലസ്തീനികള്‍ക്കുള്ള ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പാരിസിലെത്തിയ അബ്ബാസ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

RELATED STORIES

Share it
Top