യുഎന്‍ സെക്രട്ടറി ജനറല്‍ ഒക്ടോബറില്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കും. ന്യൂഡല്‍ഹിയിലെ യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന ദിവസമാണ് അദ്ദേഹം എത്തുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാദിനമായി 2007 മുതല്‍ യുഎന്‍ ആചരിച്ചുവരുന്നുണ്ട്.
ഒക്ടോബര്‍ 1ന് വൈകീട്ട് സെക്രട്ടറി ജനറല്‍ ന്യൂഡല്‍ഹിയിലെ യുഎന്‍ ഹൗസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്ത് നടക്കുന്ന മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ശുചീകരണ കണ്‍വന്‍ഷന്റെ സമാപന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമായി കൂടിക്കാഴ്ച നടത്തുന്ന അന്തോണിയോ ഗുത്തേറഷ്, ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സില്‍ 'ആഗോള വെല്ലുവിളികളും ആഗോള പരിഹാരങ്ങളും' എന്ന വിഷയത്തില്‍ സംസാരിക്കും. അന്നേ ദിവസം വൈകീട്ട് ഇന്റര്‍നാഷനല്‍ സോളാര്‍ അലയന്‍സിന്റെ ജനറല്‍ അസംബ്ലിയിലും അദ്ദേഹം സംബന്ധിക്കും.

RELATED STORIES

Share it
Top