യുഎന്‍ റിപോര്‍ട്ടും പ്രതികരണവും

കവിത  കൃഷ്ണന്‍
ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് 2018 ജൂണ്‍ 14ന് കശ്മീരിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രഥമ റിപോര്‍ട്ട് പുറത്തിറക്കി. റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ ഒറ്റയടിക്ക് ഇന്ത്യ നിരാകരിച്ചത് പ്രതീക്ഷിതമെങ്കിലും വളരെ നിര്‍ഭാഗ്യകരമായി.
ഇന്ത്യന്‍ ജനതയ്ക്ക് കശ്മീരിനെക്കുറിച്ച സംവാദം നവീകരിക്കുന്നതിനും വിലയിരുത്തുന്നതിനും യുഎന്‍ റിപോര്‍ട്ട് ചരിത്രപരമായ ഒരവസരമായിരുന്നു. ഈ സംവാദത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കും കോളമിസ്റ്റുകള്‍ക്കും സുപ്രധാന പങ്ക് വഹിക്കാനാവുമായിരുന്നു. എന്നാല്‍, അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നവരില്‍ നിന്ന് സംവാദം പോലും ബാലിശമെന്നു പറഞ്ഞ് തള്ളിക്കളയാനുള്ള വെപ്രാളമാണു നാം കണ്ടത്.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് കൂടിയായ ശേഖര്‍ ഗുപ്തയുടെ ലേഖനം (ദി പ്രിന്റ് 2018 ജൂണ്‍ 16) ഉദാഹരണം. തുടക്കം ഇങ്ങനെ: ''കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപോര്‍ട്ട് ഗുരുതരമാംവിധം വികലമായിരുന്നതിനാല്‍ ചാപിള്ളയായിരുന്നു. അതിന്റെ കൃത്യത, രീതിശാസ്ത്രം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച ചര്‍ച്ച തന്നെ സമയം കളയലാണ്.'' ആദ്യ വാക്കുകള്‍ തന്നെ ഗുപ്തയുടെ മനസ്സ് വെളിപ്പെടുത്തുന്നു. റിപോര്‍ട്ട് തള്ളിക്കളയുന്ന തിരക്കില്‍ അതിന്റെ ശീര്‍ഷക താള്‍ പോലും വായിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല.
ഈ റിപോര്‍ട്ട് യുഎന്‍ പൊതുസഭയുടെ ഘടകമായ ഹ്യൂമന്റൈറ്റ്്‌സ് കൗണ്‍സില്‍ തയ്യാറാക്കിയതല്ല. മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ (യുഎന്‍ സെക്രട്ടറി ജനറലിന്റെ നേരിട്ടു ചുമതലയുള്ള സ്ഥിരം സംവിധാനം) ആണ് റിപോര്‍ട്ട് തയ്യാറാക്കിയത്. അത് യഥാര്‍ഥത്തില്‍ ഹ്യൂമന്റൈറ്റ്‌സ് കൗണ്‍സിലിനോട് കശ്മീരില്‍ സ്വതന്ത്ര അന്വേഷണത്തിന് അഭ്യര്‍ഥിക്കുന്നതാണ്.
ബര്‍ഖാ ദത്ത് ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ പംക്തിയില്‍ രണ്ടു വാചകങ്ങളില്‍ റിപോര്‍ട്ട് തള്ളിക്കളഞ്ഞു: ''കശ്മീരിനെ സംബന്ധിച്ച യുഎന്‍ ഹ്യൂമന്റൈറ്റ്‌സ് കൗണ്‍സിലിന്റെ ഭാവനാകല്‍പിത റിപോര്‍ട്ട് തള്ളിക്കളഞ്ഞ ഇന്ത്യയുടെ നിലപാട് സമ്പൂര്‍ണമായും ശരിയാണ്. ഭീകരത ഒട്ടും നിലനില്‍ക്കുന്നില്ലെന്ന് റിപോര്‍ട്ട് നടിക്കുന്നു'' എന്നും ദത്ത് എഴുതുന്നു.
ഇരുകൂട്ടര്‍ക്കും റിപോര്‍ട്ട് എവിടെനിന്നു വരുന്നു എന്നുപോലും കൃത്യമായി പറയാനാവുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപരമായ കാര്യത്തില്‍ രണ്ട് പ്രമുഖ കോളമിസ്റ്റുകളുടെയും പ്രകടമായ വീഴ്ചകള്‍ക്ക് ഹേതുവെന്താണ്? കൃത്യതയെക്കുറിച്ചു ശ്രദ്ധിക്കുന്നതിലേറെ റിപോര്‍ട്ടിനെ അധിക്ഷേപിക്കാനുള്ള തിടുക്കത്തിലായിരുന്നു അവരെന്നാണു തോന്നുന്നത്. മാധ്യമപ്രവര്‍ത്തനത്തിലെ വസ്തുനിഷ്ഠതയേക്കാള്‍ പ്രാധാന്യം രാഷ്ട്രീയ അജണ്ടയ്ക്കായി.
കൊല്ലപ്പെട്ട കശ്മീരി പത്രാധിപര്‍ ശുജാഅത്ത് ബുഖാരി മധ്യനില സ്വീകരിക്കുന്നതിനാല്‍ ഇരുഭാഗത്തെയും തീവ്രവാദികളാല്‍ അധിക്ഷേപിക്കപ്പെടുന്നതായി ഇന്ത്യയിലെ ലിബറല്‍ മാധ്യമപ്രവര്‍ത്തകര്‍ അവകാശപ്പെടാറുണ്ട്. യുഎന്‍ റിപോര്‍ട്ട് പുറത്തിറക്കി മണിക്കൂറുകള്‍ക്കകമായിരുന്നു ബുഖാരിയുടെ വധം. ''ആശയപരമായ തീവ്രതകള്‍ ചതച്ചരച്ച പൊതുസംവാദ ഇടങ്ങളില്‍ മിതവാദത്തിന്റെയും യുക്തിയുടെയും അത്യപൂര്‍വമായ ശബ്ദമായിരുന്നു'' എന്നാണ് ബര്‍ഖാ ദത്ത് (വാഷിങ്ടണ്‍ പോസ്റ്റ്, 2018 ജൂണ്‍ 14) അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗുപ്തയാവട്ടെ, ''ജനസ്വാധീനമുള്ള യുക്തിയുടെ ശബ്ദം'' (എഎന്‍ഐ, 2018 ജൂണ്‍ 14) എന്നും വിശേഷിപ്പിക്കുന്നു.
മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത്രയേറെ പ്രശംസിക്കുന്ന ബുഖാരിയുടെ പത്രമായ റൈസിങ് കശ്മീര്‍ 2018 ജൂണ്‍ 20ന് റിപോര്‍ട്ടിനെക്കുറിച്ച് മുഖപ്രസംഗമെഴുതിയത് നമുക്കറിയാം. അതിലെ വാചകങ്ങള്‍: ''കശ്മീരിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ഹൈക്കമ്മീഷണര്‍ പ്രിന്‍സ് സൈദ് ബിന്‍ റആദ് സെയ്ദ് അല്‍ ഹുസയ്ന്‍ പുറത്തിറക്കിയ 49 പേജുള്ള പ്രഥമ റിപോര്‍ട്ട് ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളും ദുരുപയോഗങ്ങളും കടിഞ്ഞാണിടുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പരാജയം തുറന്നുകാട്ടുന്നതാണ്. റിപോര്‍ട്ട് സ്വീകരിക്കുകയും തിരുത്തല്‍ നടപടികള്‍ക്ക് വഴികാണുകയും ചെയ്യുന്നതിനു പകരം അതിനെ അപ്പടി തള്ളിക്കളയുകയും കപടമെന്ന്് മുദ്രചാര്‍ത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടി മുറിവില്‍ ഉപ്പുതേക്കുന്നതാണ്.''
പത്രം തുടര്‍ന്നെഴുതി: ''യുഎന്‍ റിപോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതു കഴിഞ്ഞ 70 വര്‍ഷത്തെ അവകാശലംഘനങ്ങളെ പരാമര്‍ശിക്കുന്നു. അത് കശ്മീരിനെക്കുറിച്ച യുഎന്‍ നിലപാട് സമര്‍ഥിക്കുകയും കഴിഞ്ഞകാലത്ത് യുഎന്‍ അംഗീകരിച്ച പ്രമേയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയും ചെയ്യുന്നു. മിക്കവാറും ഇന്ത്യന്‍ മാധ്യമവാര്‍ത്തകള്‍ സര്‍ക്കാര്‍ നിലപാട് പിന്തുണയ്ക്കുന്നതാണ്. തികച്ചും നിര്‍ഭാഗ്യകരമാണിത്. കാരണം, കശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് വിശ്വാസ്യതയും വസ്തുനിഷ്ഠതയും നഷ്ടമാവുന്നതിന്റെ പ്രതിഫലനമാണത്്.''
യുക്തിപൂര്‍വമായ കശ്മീരി ശബ്ദമായി റൈസിങ് കശ്മീരിനെ അംഗീകരിക്കുന്ന ദത്തും ഗുപ്തയും യുഎന്‍ റിപോര്‍ട്ടിനെക്കുറിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാടിനെ അപഹാസ്യമാംവിധം പിന്തുണയ്ക്കുന്നതിലൂടെ സ്വന്തം വിശ്വാസ്യതയും വസ്തുനിഷ്ഠതയും നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. യുഎന്‍ റിപോര്‍ട്ടിനോടുള്ള ഗുപ്്തയുടെ പ്രതികരണം പൊതുവെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തില്‍ വേരുറച്ച അവജ്ഞയ്ക്ക് ചേര്‍ന്നുപോവുന്നതാണ്. 2013ല്‍ അദ്ദേഹം കസ്റ്റഡിമരണങ്ങളെ നിയന്ത്രിത വധങ്ങള്‍ എന്ന് യുക്തിവല്‍ക്കരിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ എന്നത് ഏതു സാഹചര്യത്തിലും നിയമവിരുദ്ധമാണ് എന്ന തത്ത്വത്തെയും അദ്ദേഹം വെല്ലുവിളിച്ചു. ഗുപ്ത 2016ല്‍ ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ കശ്മീരിലെ വനിതകളെ ബലാല്‍സംഗം ചെയ്‌തെന്നു പറഞ്ഞ ജെഎന്‍യു വിദ്യാര്‍ഥി കനയ്യ കുമാറിനെ ശക്തമായി അധിക്ഷേപിച്ചിരുന്നു. ഈ ലേഖികയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകളുടെ ശ്രമങ്ങളില്‍ അദ്ദേഹം പ്രതികരിച്ചില്ല. 2013ല്‍ ബലാല്‍സംഗം സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് രൂപം നല്‍കിയ ജ. വര്‍മ കമ്മിറ്റി, കശ്മീര്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷമേഖലകളില്‍ സ്ത്രീകള്‍ക്കെതിരേ സായുധസേനാംഗങ്ങളുടെ വ്യവസ്ഥാപിതമോ ഒറ്റപ്പെട്ടതോ ആയ ലൈംഗികാതിക്രമത്തിന് ശിക്ഷാഭീതിയില്ലാത്ത അവസ്ഥ ഇല്ലാതാക്കുക, വനിതകളുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനുമായി പ്രത്യേക കമ്മീഷണര്‍മാരെ നിയമിക്കുക, സായുധസേനാംഗങ്ങളുടെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സാധാരണ ക്രിമിനല്‍ നിയമത്തില്‍ കൊണ്ടുവരുന്നതിന് അഫ്‌സ്പ നീക്കം ചെയ്യുക തുടങ്ങി നിരവധി സംരക്ഷണ നടപടികള്‍ ശുപാര്‍ശ ചെയ്തിരുന്നു.
സൈനികവല്‍ക്കരണത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ ലൈംഗികാതിക്രമം കശ്മീരില്‍ പുതിയ സംഭവമല്ല. 2009ലെ ഷോപിയാന്‍ കേസ്, ഹന്ദ്വാരാ പെണ്‍കുട്ടിയുടെ കേസ്, ഏറ്റവും ഒടുവില്‍ കശ്മീരിയെ മനുഷ്യപരിചയാക്കിയ കുപ്രസിദ്ധ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും സേനയും പ്രശംസയില്‍ മൂടിയ സൈനിക മേജര്‍ കശ്മീരിയായ കൗമാരക്കാരിക്കൊപ്പം ഹോട്ടല്‍ റൂമില്‍ രാത്രി ചെലവഴിക്കാനെത്തി അറസ്റ്റിലായ സംഭവമെല്ലാം വ്യക്തമാക്കുന്നത് കശ്മീരി പെണ്‍കുട്ടികളും യുവതികളും സായുധസൈനികരുടെ ലൈംഗിക ചൂഷണത്തിനും അക്രമത്തിനും എളുപ്പം വിധേയരാവുന്നുവെന്നാണ്.
എന്നാല്‍, ബര്‍ഖാ ദത്ത് മനുഷ്യാവകാശ പ്രമാണങ്ങളോട് അത്തരം നിന്ദാപരമായ സമീപനം സ്വീകരിച്ചിട്ടില്ല. കശ്മീരിനു നേരെ മുന്‍കാല കേന്ദ്രസര്‍ക്കാരുകള്‍ പലപ്പോഴും അനുവര്‍ത്തിച്ച 'ഹൃദയങ്ങളും മനസ്സുകളും കീഴടക്കുകയെന്ന' നിലപാടിനോട് ആഭിമുഖ്യമുള്ള മാധ്യമപ്രവര്‍ത്തകയായി അവരെ കാണുന്നതാവും കൂടുതല്‍ യോജ്യം. കശ്മീരിനെക്കുറിച്ച അന്തര്‍ദേശീയ മനുഷ്യാവകാശ സമ്മര്‍ദം മോശം കാര്യമാണെന്ന നിലപാട് അവര്‍ പരസ്യമായി സ്വീകരിക്കുന്നില്ല.
ഇപ്പോള്‍ യുഎന്‍ റിപോര്‍ട്ട് മുമ്പ് ബര്‍ഖാ ദത്ത് സൂചിപ്പിച്ച കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെ പ്രാധാന്യപൂര്‍വം ഉയര്‍ത്തിക്കാട്ടുമ്പോള്‍ അവരെന്തുകൊണ്ടാണ് അതു നിരാകരിച്ച കേന്ദ്രസര്‍ക്കാരിനെ വളരെ പെട്ടെന്ന് ശ്ലാഘിച്ചത്? യുഎന്‍ റിപോര്‍ട്ടിനെ അവമതിക്കുന്നതിന് ഭാവനാത്മകം, ഭോഷത്തം നിറഞ്ഞത് തുടങ്ങിയ വൈകാരിക നാമവിശേഷണപ്രയോഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ അവര്‍ എത്രമാത്രം വൈകാരികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയാണ് അറിയാതെ പുറത്തുവരുന്നത്.
ദേശവിരുദ്ധരെന്ന ആരോപണത്തിലൂടെയുള്ള വിരട്ടല്‍ അവഗണിച്ച് അധികാരകേന്ദ്രത്തോട് സത്യം വിളിച്ചുപറയുക എന്ന മാധ്യമപ്രവര്‍ത്തന ജോലിയെക്കുറിച്ച് ഇന്ത്യയിലെ ലിബറല്‍ മാധ്യമപ്രവര്‍ത്തകര്‍ വാചാലരാണ്. എന്നാല്‍, ഈ തത്ത്വം കശ്മീരിന്റെ കാര്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നു. ഒരു പ്രത്യേക ദേശീയതാ നിലപാടിനോടുള്ള കൂറ് മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയെയും വിധിതീര്‍പ്പിനെയും സ്വാധീനിക്കുന്നത് എന്തുകൊണ്ടാണ്?
യുഎന്‍ റിപോര്‍ട്ട് ഒറ്റയടിക്കു തള്ളിക്കളഞ്ഞതിനെ ന്യായീകരിച്ച് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചില വാദങ്ങള്‍ നമുക്കു പരിശോധിക്കാം. യുഎന്‍ റിപോര്‍ട്ടിനു വേണ്ടി ഗവേഷണം നടത്തിയവര്‍ കശ്മീരിന്റെ മണ്ണില്‍ നിയന്ത്രണരേഖയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരിക്കല്‍പ്പോലും ഉണ്ടായിരുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ശേഖര്‍ ഗുപ്ത അതിനെ ബാലിശമെന്നു വിശേഷിപ്പിക്കുന്നത്. ഇതു സത്യം തന്നെ. പക്ഷേ, അതിന് യുഎന്‍ ഗവേഷകരല്ല ഉത്തരവാദികള്‍. തന്റെ ഓഫിസിന് കശ്മീരില്‍ പ്രവേശനം ലഭിക്കുന്നതിന് യുഎന്‍ ഹൈക്കമ്മീഷണര്‍ 2016 ജൂലൈ മുതല്‍ അനുമതി തേടിയതായും ഈ അപേക്ഷ ഇന്ത്യ നിരാകരിച്ചതായും റിപോര്‍ട്ടില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പ്രവേശനാനുമതി നല്‍കിയാല്‍ തങ്ങളും അനുവദിക്കാമെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതോടെ ഹൈക്കമ്മീഷണര്‍ തങ്ങള്‍ക്ക് ചെയ്യാന്‍ അധികാരമുള്ളതും ലോകത്തിന്റെ മറ്റു നിരവധി ഭാഗങ്ങളില്‍ ചെയ്തതുമായ കാര്യം തന്നെ ചെയ്തു- വിദൂര നിരീക്ഷണം (റിമോട്ട് മോണിട്ടറിങ്) അടിസ്ഥാനമാക്കി റിപോര്‍ട്ട് തയ്യാറാക്കി.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ 38ാമത് സമ്മേളനത്തില്‍ യുഎന്‍ ഹൈക്കമ്മീഷണര്‍ സാഇദ് റആദ് അല്‍ ഹുസയ്ന്‍ തന്റെ ആമുഖ പ്രസ്താവനയില്‍ തന്നെ തന്റെ ഓഫിസിന് സന്ദര്‍ശനാനുമതി നല്‍കുന്നതിന് നിരവധി രാഷ്ട്രങ്ങള്‍ തയ്യാറാവാത്ത കാര്യം പരാമര്‍ശിച്ചിരുന്നു.
വിമര്‍ശകര്‍ അവകാശപ്പെടുന്നതുപോലെ റിപോര്‍ട്ട് കശ്മീരില്‍ ഭീകരത നിലനില്‍ക്കുന്നേയില്ലെന്നു നടിക്കുന്നില്ല. സത്യത്തില്‍, റിപോര്‍ട്ടില്‍ സായുധസംഘങ്ങളുടെ അവകാശലംഘനങ്ങള്‍ എന്ന ഒരു അധ്യായം തന്നെയുണ്ട്്. വിവിധ സായുധസംഘങ്ങള്‍ തട്ടിക്കൊണ്ടുപോവല്‍, സിവിലിയന്മാരുടെ കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി നിരവധി മനുഷ്യാവകാശലംഘന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്നതിന്റെ 'രേഖാപരമായ തെളിവു'കള്‍ ഉള്‍ക്കൊള്ളുന്ന റിപോര്‍ട്ട് 'പാകിസ്താന്‍ നിയന്ത്രണത്തിലുള്ള കശ്മീരിലാണ് ഈ സംഘങ്ങളുടെ കേന്ദ്രമെന്നു കരുതുന്നതായും' നിരീക്ഷിക്കുന്നു.
'കശ്മീരി പണ്ഡിറ്റുകള്‍ എന്നറിയപ്പെടുന്ന ന്യൂനപക്ഷ ഹിന്ദുക്കള്‍'ക്കെതിരായ അക്രമങ്ങളും പണ്ഡിറ്റുകളുടെ പലായനവും വിവരിക്കുന്നതിന് ഗണ്യമായ സ്ഥലമനുവദിച്ചതിനു പുറമേ, റിപോര്‍ട്ട് നിരീക്ഷിക്കുന്നു: ''2016 ജനുവരിക്കും 2018 ഏപ്രിലിനുമിടയില്‍ 16-20 സിവിലിയന്മാരുടെ വധം ഉള്‍പ്പെടെ സിവിലിയന്മാര്‍ക്കും ജോലിയില്‍ അല്ലാത്ത പോലിസുകാര്‍ക്കും അവധിയിലുള്ള സൈനികര്‍ക്കുമെതിരേ സായുധസംഘാംഗങ്ങളുടെ നിരവധി അക്രമങ്ങളെക്കുറിച്ച് പൗരസമൂഹസംഘടനകള്‍ ആരോപിച്ചിരുന്നു. ആരോപിതമായ ഈ ആക്രമണങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരുടെ വധങ്ങളും അവയുടെ നേതാക്കള്‍ക്കെതിരായ ഭീഷണികളും ഉള്‍പ്പെടുന്നു.''
ഇന്ത്യാ ഗവണ്‍മെന്റ് റിപോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കാളേറെ യുഎന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളിലാണു ശ്രദ്ധിച്ചതെന്നു തോന്നുന്നു. നിയന്ത്രണരേഖയ്ക്ക്് അപ്പുറമുള്ള പ്രദേശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് ആസാദ് ജമ്മു ആന്റ് കശ്മീര്‍, ഗില്‍ജിറ്റ് ബാള്‍ട്ടിസ്താന്‍ എന്നിങ്ങനെ പ്രയോഗിച്ചതും, സര്‍ക്കാര്‍ ഭീകരസംഘടനകളെന്നു വിളിക്കുന്നവരെക്കുറിച്ച് സായുധസംഘങ്ങള്‍ എന്ന പദം പ്രയോഗിക്കുന്നതും ഗവണ്‍മെന്റിന് ഇഷ്ടമായില്ല.
സിവിലിയന്‍മാര്‍ക്കോ നിരായുധര്‍ക്കോ മരണമോ ഗുരുതരമായ പരിക്കോ സംഭവിക്കാവുന്ന ഏതൊരു പ്രവൃത്തിയും, അത്തരമൊരു പ്രവൃത്തിയുടെ ഉദ്ദേശ്യം സ്വാഭാവികമായോ സാന്ദര്‍ഭികമായോ ഒരു ജനതയെ ഭയപ്പെടുത്തുകയോ അതല്ലെങ്കില്‍ ഒരു സര്‍ക്കാരോ രാജ്യാന്തരസംഘടനയോ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ ചെയ്യുന്നതില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനോ സമ്മര്‍ദം ചെലുത്തുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതോ ആയ ഏതൊരു പ്രവൃത്തിയും ഭീകരതയാണെന്നാണ് യുഎന്‍ പറയുന്നത്.
വിദേശാധിപത്യത്തിലുള്ള ജനസമൂഹങ്ങള്‍ വരെ സിവിലിയന്‍മാരെ ലക്ഷ്യംവയ്ക്കുന്നതും വധിക്കുന്നതും ന്യായീകരിക്കാവുന്നതല്ലെന്നും യുഎന്‍ വ്യക്തമാക്കുന്നു. അവധിയിലോ, ഓഫ് ഡ്യൂട്ടിയിലോ ഉള്ള സൈനികനെയോ പോലിസുകാരനെയോ ഉള്‍പ്പെടെ പോരാട്ടത്തിനില്ലാത്തവരും സിവിലിയന്മാരുമായവരുടെ മേല്‍ കശ്മീരിലെ സായുധസംഘങ്ങളുടെ ആക്രമണങ്ങള്‍ മനുഷ്യാവകാശലംഘനങ്ങളായി യുഎന്‍ റിപോര്‍ട്ട് കൃത്യമായി പ്രഖ്യാപിക്കുന്നു.                        ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top