യുഎന്‍ രക്ഷാസമിതിയില്‍ യുഎസും റഷ്യയും നേര്‍ക്കുനേര്‍

ന്യൂയോര്‍ക്ക്: സിറിയന്‍ സൈന്യം വിമത നിയന്ത്രിത ദൗമയില്‍ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെച്ചൊല്ലി യുഎന്‍ രക്ഷാസമിതിയില്‍ യുഎസ്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ വെല്ലുവിളി.
രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയ്‌ക്കെതിരേ സൈനികാക്രമണം നടത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. എന്നാല്‍, അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വരുമെന്നു റഷ്യന്‍ പ്രതിനിധിയും മുന്നറിയിപ്പ് നല്‍കി. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള ഒമ്പതു രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് ദൗമയിലെ രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. രാസായുധ പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
രക്ഷാസമിതി നടപടിയെടുത്താലും ഇല്ലെങ്കിലും സിറിയന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് യുഎസ് അംബാസഡര്‍ നിക്കി ഹാലെ വ്യക്തമാക്കി.
രാസായുധ പ്രയോഗമെന്നത് വ്യാജ വാര്‍ത്തയാണെന്നും അതേക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു. സിറിയന്‍ ഭരണകൂടത്തിനെതിരായ സൈനിക നടപടി വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും.
വാഗ്വാദങ്ങള്‍ക്കപ്പുറം സിറിയന്‍ വിഷയത്തില്‍ രക്ഷാസമിതി കാര്യക്ഷമമായ നടപടികളെടുക്കണമെന്നു സിറിയയിലെ യുഎന്‍ പ്രതിനിധി സ്റ്റഫന്‍ ഡി മിസ്തുര  ആവശ്യപ്പെട്ടു.
രാസായുധ ആക്രമണത്തിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസിന് സൈനികമായി നിരവധി സാധ്യതകളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. നടപടി ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര സംഘത്തെ സിറിയയും റഷ്യയും ദൗമയിലേക്ക് ക്ഷണിച്ചു. സിറിയക്കെതിരേ നടപടിയെടുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സിറിയയുടെയും റഷ്യയുടെയും നിലപാടുമാറ്റം.

RELATED STORIES

Share it
Top