യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്വം യുഎസ് ഉപേക്ഷിച്ചു

ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ സമിതി അംഗത്വം യുഎസ് ഉപേക്ഷിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്രായേലിനെതിരേ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണു നടപടി.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അന്ധമായ ഇസ്രായേല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്നും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍ അംഗത്വം യുഎസ് ഉപേക്ഷിക്കുകയാണെന്നും യുഎസിന്റെ യുഎന്‍€ സ്ഥാനപതിയായ നിക്കി ഹാലെ വ്യക്തമാക്കി. സ്‌റ്റേറ്റ് സെക്രട്ടറി  മൈക്ക് പോംപിയുമായി ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കാപട്യം നിറഞ്ഞ സംഘടന മനുഷ്യാവകാശങ്ങളെ പരിഹസിക്കുകയാണെന്നും അതിന്റെ ഭാഗമായിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും നിക്കി ഹാലെ പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനിസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോള്‍ ഇസ്രായേലിനെതിരേയാണ് കൂടുതല്‍ തവണയും സംഘടന നടപടിയെടുത്തിട്ടുള്ളതെന്ന് ഹാലെ പറഞ്ഞു.
അതേസമയം, യുഎസ് നടപടി നിരാശാജനകമാണെന്നു യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു മുന്‍കൈ എടുക്കുകയാണ് യുഎസിനെ പോലൊരു രാജ്യം ചെയ്യേണ്ടതെന്നും അല്ലാതെ പിന്‍മാറുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സമിതിയില്‍ തുടരുകയായിരുന്നു വേണ്ടതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് പ്രതികരിച്ചു.
യുഎസിന്റെ പിന്‍മാറ്റം നിരാശാജനകമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്തത്തില്‍ നിന്നാണ് യുഎസ് പിന്‍മാറിയതെന്നു യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു.
അഭാര്‍ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ നിശിതമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് യുഎസിന്റെ പിന്‍മാറ്റം.
വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങളില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേലിനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതും യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top