യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം യുഎസ് ഉപേക്ഷിച്ചു


ന്യൂയോര്‍ക്ക്:ഐക്യരാഷ്ട്രസഭയുടെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വം യുഎസ് ഉപേക്ഷിച്ചു.യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അന്ധമായ ഇസ്രായേല്‍ വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നാരോപിച്ചാണ് യുഎസ് അംഗത്വം ഉപേക്ഷിച്ചത്.
ഐക്യരാഷ്ട്രസഭ യുടെ മനുഷ്യാവകാശ കൗണ്‍സില്‍ അന്ധമായ ഇസ്രയേല്‍ വിരോധം പ്രകടിപ്പിക്കുന്ന സമിതിയാണെന്നും,മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമിതി തികഞ്ഞ പരാജയമായതിനാല്‍  സമിതി അംഗത്വം യുഎസ്  ഉപേക്ഷിക്കുകയാണെന്നും അമേരിക്കന്‍ സ്ഥാനപതിയായ നിക്കി ഹേലി വ്യക്തമാക്കി.യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്ക് പിംപോയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.കപട മനുഷ്യാവകാശങ്ങളാണ് സമിതി ഉയര്‍ത്തിക്കാട്ടുന്നതെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും യുഎസ് ആരോപിച്ചു.
അതേസമയം യുഎസ് നടപടി നിരാശാജനകമാണെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി  സെയ്ദ് ബിന്‍ റാദ് ട്വീറ്റ് ചെയ്തു.മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍കൈ എടുക്കുകയാണ് യുഎസിനെ പോലൈാരു രാജ്യം ചെയ്യേണ്ടതെന്നും അല്ലാതെ പിന്‍മാറുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സമിതിയില്‍ തുടരുകയായിരുന്നു വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ് പ്രതികരിച്ചു.


മനുഷ്യാവകാശ സമിതിയിലെ അംഗത്വം യുഎസ് ഉപേക്ഷിച്ചേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ വര്‍ഷം തന്നെ നിക്കി ഹേലി നല്‍കിയിരുന്നു. യുഎസ്-മെക്‌സികോ അതിര്‍ത്തിയിലെ കുട്ടിക്കുടിയേറ്റക്കാരോടുള്ള ട്രംപ് സര്‍ക്കാരിന്റെ വിവേചന നയത്തെ സമിതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് യുഎസിന്റെ തീരുമാനം. സമിതിയില്‍ നിന്നുമുള്ള യുഎസ് പിന്‍മാറ്റം ലോകവ്യാപകമായി നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.2006 ല്‍ മനുഷ്യാവകാശ കമ്മീഷന് പകരമായാണ് യുഎന്‍ ഈ കൗണ്‍സില്‍ രൂപീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 47 രാജ്യങ്ങളാണ് സമിതിയിലെ അംഗങ്ങള്‍ . മൂന്ന് വര്‍ഷമാണ് സമിതിയംഗങ്ങളുടെ കാലാവധി.

RELATED STORIES

Share it
Top