യുഎന്‍ പ്രമേയം ഫലം ചെയ്യുമോ?

ഡോ. സി കെ അബ്ദുല്ല

യേശുവിന്റെ ജന്മസ്ഥലമെന്നു ക്രിസ്തീയലോകം വിശ്വസിക്കുന്ന ഫലസ്തീനിലെ ബത്‌ലഹേമില്‍ ഇത്തവണ ക്രിസ്മസ് വെറും ചടങ്ങുകളിലൊതുങ്ങി. ഖുദ്‌സ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ധിക്കാരത്തില്‍ പ്രതിഷേധിച്ച് ഫലസ്തീനിലെ ക്രിസ്തീയവിശ്വാസികള്‍ ആഘോഷം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഖുദ്‌സ് (ജറുസലേം) ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് ഏകപക്ഷീയ പ്രഖ്യാപനം നടത്തിയ 2017 ഡിസംബര്‍ 6 ഫലസ്തീന്‍ ചരിത്രത്തില്‍ ഒരു പുതിയ കറുത്ത തിയ്യതിയായി കുറിക്കപ്പെടും. യുഎന്‍ രക്ഷാ സമിതിയില്‍ തീരുമാനത്തെ അപലപിക്കുന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ശേഷം വിളിച്ചുചേര്‍ക്കപ്പെട്ട അടിയന്തര പൊതുസഭയില്‍, ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ തള്ളിക്കളയുന്ന തുര്‍ക്കി, യമന്‍ പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ (128 അഭി. 9) പാസായത് വിജയമായി ആഘോഷിക്കപ്പെടുന്നു. എതിര്‍ത്താല്‍ ചില്ലിക്കാശ് മുടങ്ങുമെന്ന മുതലാളിഭീഷണി അവഗണിച്ചും ഒട്ടേറെ രാജ്യങ്ങള്‍ ട്രംപ് തീരുമാനത്തിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചുവെന്നത് ആശ്വാസകരം തന്നെ. കൈവിറച്ച 35 രാജ്യങ്ങള്‍ കൈപൊക്കാതിരിക്കുകയും മുട്ടുവിറച്ച് 21 അംഗങ്ങള്‍ സഭയില്‍ വരാതെ ടോയ്‌ലറ്റില്‍ ഇരിക്കുകയും ചെയ്തു. ഇസ്രായേല്‍ എന്ന അപാര്‍തീഡ് കുടിയേറ്റ കോളനിയുടെയും മുഖ്യരക്ഷാധികാരി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഏകപക്ഷീയ തീരുമാനം സ്വീകാര്യമല്ലെന്ന അന്താരാഷ്ട്ര നിലപാട് സുപ്രധാനം തന്നെയാണ്. എന്നാല്‍, പ്രായോഗികമായി സയണിസത്തിന്റെ ഖുദ്‌സ് കൈയേറ്റത്തെ തടയുന്നതിന് ഈ യുഎന്‍ പ്രമേയം സഹായിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ലെന്നതാണ് ഉത്തരം.
ഒന്നാമതായി, യുഎന്‍ പ്രമേയം അനുസരിക്കുന്നതിന് ആര്‍ക്കും ബാധ്യതയില്ല. അമേരിക്കന്‍ തീരുമാനത്തെ തള്ളി വോട്ട് ചെയ്തവര്‍ തന്നെ പ്രായോഗികമായി ഖുദ്‌സ് വിഷയത്തില്‍ അമേരിക്കയെ പിണക്കാത്ത നിലപാടുകള്‍ എടുക്കുന്നതിനു പ്രമേയം തടസ്സമാവില്ല. രണ്ടാമതായി, ഫലസ്തീന്‍ഭൂമി അപഹരിക്കുന്നത് അഭംഗുരം തുടരുന്നതില്‍ ഇസ്രായേലോ അതിനവരെ സഹായിക്കുന്നതില്‍ അമേരിക്കയോ അന്താരാഷ്ട്ര അഭിപ്രായം മാനിച്ച ചരിത്രമില്ല. ഖുദ്‌സ് വിഷയത്തിലെ യുഎന്‍ പ്രമേയം തങ്ങളുടെ പദ്ധതിയില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്ന അമേരിക്ക-ഇസ്രായേല്‍ ധിക്കാരസ്വരങ്ങള്‍ ശ്രദ്ധിക്കാതെ യുഎന്‍ പ്രമേയവിജയം കൊണ്ടാടുന്നതില്‍ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല. എംബസി ഖുദ്‌സിലേക്കു മാറ്റുന്ന നടപടികളുമായി അമേരിക്ക മുന്നോട്ടുപോവും. യാഥാര്‍ഥ്യങ്ങളുടെ നിവൃത്തികേടിലേക്കു ചൂണ്ടി മറ്റു രാഷ്ട്രങ്ങള്‍ പതുക്കെ തങ്ങളെ പിന്തുടരുമെന്ന് അമേരിക്ക-ഇസ്രായേല്‍ സഖ്യം കണക്കുകൂട്ടുന്നു. മേഖലയിലെ ചില അറബ് രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ബാന്ധവങ്ങള്‍ അതിനവരെ സഹായിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. ജൂത സയണിസ്റ്റായ ട്രംപ് മരുമകന്‍ ജെറീഡ് കോഷ്‌നര്‍ തയ്യാറാക്കിയ അമേരിക്ക-ഇസ്രായേല്‍- സൗദി രഹസ്യ പദ്ധതിയില്‍ ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി ഇരുകൂട്ടരും അംഗീകരിക്കുന്നതായി ഫ്രഞ്ച് പത്രം മീഡിയപാര്‍ട്ട് ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. സൗദിയെ ഉപയോഗിച്ച് കോഷ്‌നര്‍ പദ്ധതി അംഗീകരിപ്പിക്കാനാണ് പ്രഖ്യാപനത്തിനു മുമ്പ് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ റിയാദിലേക്കു വിളിച്ചുവരുത്തിയതെന്നും പത്രം പറയുന്നു. അറബ് മുസ്‌ലിം ലോകത്ത് ഇപ്പോഴുള്ള ദുര്‍ബല പ്രതിഷേധങ്ങള്‍ കെട്ടടങ്ങി ക്രമേണ ഫലസ്തീന്‍ ജനത മാത്രം കളത്തില്‍ ബാക്കിയാവുമെന്നും അമേരിക്ക-ഇസ്രായേല്‍ സഖ്യം കണക്കുകൂട്ടുന്നു.
അമേരിക്ക-ഇസ്രായേല്‍ നീക്കങ്ങളെ തടയാന്‍ പ്രാപ്തമായ ഒരു നടപടിയും അറബ് ലോകത്തോ പുറത്തോ ഒരു രാഷ്ട്രവും എടുത്തിട്ടില്ലെന്നതാണ് സത്യം. ട്രംപ് പ്രഖ്യാപനത്തെ അംഗീകരിക്കാത്ത ഏതെങ്കിലും രാജ്യം തങ്ങളുടെ തലസ്ഥാനത്തുള്ള അമേരിക്കന്‍/ഇസ്രായേലി നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഒരു പ്രതിഷേധമറിയിക്കല്‍ പോലും ഉണ്ടായതായി ഇതുവരെ റിപോര്‍ട്ടുകളില്ല. അമേരിക്കയിലും ഇസ്രായേലിലുമുള്ള തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുമെന്നതുപോലുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങളും ആരും നടത്തിയിട്ടില്ല. ഇസ്രായേലിലെ തങ്ങളുടെ നയതന്ത്രകാര്യാലയത്തിന്റെ പ്രവര്‍ത്തനം ലഘൂകരിക്കുമെന്നു സൗത്താഫ്രിക്ക പ്രഖ്യാപിച്ചതു മാത്രമാണ് ഇതിനൊരു അപവാദം. അമേരിക്ക-ഇസ്രായേല്‍ നീക്കങ്ങള്‍ക്കെതിരേ വിശാലസഖ്യം രൂപീകരിക്കുമെന്ന തുര്‍ക്കി പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രായോഗികമായാല്‍ നന്ന്.
സയണിസ്റ്റ് അജണ്ടകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ട്രംപ് ഭരണകൂടമെന്നു കൂടുതല്‍ വ്യക്തമാവുകയാണ്. മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച ജറുസലേം പ്രഖ്യാപനം നടപ്പാക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്നു വിശ്വസിക്കുന്ന ട്രംപ് അതിന് ഏതറ്റംവരെയും പോവും. അമേരിക്ക-ഇസ്രായേല്‍ നീക്കങ്ങളെ തടുക്കാന്‍ ഇസ്താംപൂളിലോ റിയാദിലോ തെഹ്‌റാനിലോ കേവല ഉച്ചകോടികള്‍ ചേര്‍ന്നതുകൊണ്ടു സാധിക്കുമോ? സാധിക്കണമെങ്കില്‍ അത്തരം ഉച്ചകോടികളില്‍ ശക്തമായ തീരുമാനങ്ങളുണ്ടാവണം. ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കല്‍, നടപ്പിലുള്ള ആയുധക്കച്ചവട കരാറുകള്‍ പിന്‍വലിക്കല്‍, എണ്ണവിപണിയില്‍ നിയന്ത്രണം കൊണ്ടുവരല്‍ തുടങ്ങിയ സാമ്പത്തിക നീക്കങ്ങള്‍; നയതന്ത്രപ്രതിനിധികളെ പുറത്താക്കല്‍, തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കല്‍ പോലുള്ള ആര്‍ജവമുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ തുടങ്ങിയവയൊന്നും ആരും എടുക്കുന്നില്ല. ജനങ്ങളുടെ കൈയടി വാങ്ങുന്ന വെറും വാചകമടിയാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുപോലും തയ്യാറുള്ളവര്‍ എത്രപേരുണ്ടെന്ന് എണ്ണിനോക്കേണ്ട ആവശ്യം പോലുമില്ല. ട്രംപിന്റെ പ്രഖ്യാപനം നടക്കുമ്പോള്‍ ഇസ്രായേലിന്റെ അതിഥികളായി തെല്‍അവീവിലും ജറുസലേമിലും ചുറ്റിക്കറങ്ങാന്‍ സാംസ്‌കാരിക സംഘത്തെ അയച്ച ഒരു ഗള്‍ഫ് രാജ്യത്തിന്റെ മന്ത്രി യുഎന്‍ വേട്ടെടുപ്പിനുശേഷം പറഞ്ഞത്, ഇത്തരം അപ്രധാന വിഷയങ്ങളുടെ പേരില്‍ അമേരിക്കയെ പിണക്കാനാവില്ലെന്നായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇസ്രായേല്‍ ബന്ധം മറച്ചുപിടിക്കാന്‍ വച്ചിരുന്ന പിന്‍വാതിലുകള്‍ പോലും ചിലര്‍ വേണ്ടെന്നുവച്ചിരിക്കുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെട്ട അറബ് സഹോദരങ്ങള്‍ അപരനെതിരേ ആശ്രയിക്കുന്നതും അമേരിക്ക-ഇസ്രായേല്‍ സഖ്യത്തെയാണെന്നതിനാല്‍ അറബ് പ്രതിഷേധങ്ങളുടെ ആയുസ്സ് എത്രയെന്ന് അവര്‍ക്കു കൃത്യമായ ധാരണയുണ്ടാവും.
അമേരിക്ക-ഇസ്രായേല്‍ സഖ്യത്തെ സമ്മര്‍ദത്തിലാക്കാന്‍ തക്ക ഒരു നടപടിയും ശേഷിയുള്ള രാജ്യങ്ങള്‍ കൈക്കൊള്ളാത്തതിനാല്‍ ഖുദ്‌സ് കൈയേറ്റത്തില്‍ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം നീങ്ങാനാണ് സാധ്യതയെന്നു ഫലസ്തീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനം ഹമാസ് സൂചിപ്പിക്കുന്നു. ഇസ്രായേല്‍ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കുക, ഫലസ്തീന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് എന്ന യുഎന്‍ അംഗീകൃത ആവശ്യം റദ്ദുചെയ്യുക, ഖുദ്‌സിലേക്ക് ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കുക തുടങ്ങിയ നടപടികള്‍ക്ക് ട്രംപ് ഭരണകൂടം ഒരുങ്ങുകയാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യ കഴിഞ്ഞദിവസം പറഞ്ഞത്.
ഇസ്രായേല്‍ അധിനിവേശത്തിനെതിരേയുള്ള ജനകീയ ചെറുത്തുനില്‍പ്പിനെ ദുര്‍ബലപ്പെടുത്തിയിരുന്ന വ്യാജ സിദ്ധാന്തങ്ങളെല്ലാം ട്രംപ് പ്രഖ്യാപനത്തോടെ അപ്രസക്തമായിരിക്കുന്നു. ഓസ്‌ലോ കരാറും തദടിസ്ഥാനത്തില്‍ ഉയര്‍ന്നുകേട്ട ദ്വിരാഷ്ട്ര പരിഹാരവുമെല്ലാം അപ്രസക്തമായിക്കഴിഞ്ഞുവെന്ന് പിഎല്‍ഒ നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ തളര്‍ത്താന്‍ പിഎല്‍ഒയ്ക്ക് ലഭിച്ചിരുന്ന ഭീമമായ സാമ്പത്തിക സഹായത്തില്‍ കൊഴുത്തിരുന്ന ചില നേതാക്കള്‍ ഇനി വേറെ വഴികള്‍ അന്വേഷിക്കേണ്ടിവരും.
മറുവശത്ത്, ഫലസ്തീന്‍ തലസ്ഥാനമായി ഖുദ്‌സിനെ നിലനിര്‍ത്താന്‍ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവ് ജനതയില്‍ ശക്തിപ്പെടുകയാണ്. തങ്ങള്‍ അതിനൊരുക്കമാണെന്ന ശുഭസൂചനകള്‍ ചെറുത്തുനില്‍പ്പ് മുന്നേറ്റങ്ങള്‍ നല്‍കുന്നുണ്ട്. ഇസ്താംബൂളില്‍ ചേര്‍ന്ന ഒഐസി ഉച്ചകോടി, കിഴക്കന്‍ ജറുസലേം ഫലസ്തീന്‍ തലസ്ഥാനമായി തങ്ങള്‍ പരിഗണിക്കുകയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ ഒരു പാശ്ചാത്യരാജ്യവും അതിനെ പിന്തുണച്ചില്ലെന്നതു ശ്രദ്ധിക്കുക. എന്നാല്‍, ഒഐസി പ്രഖ്യാപനത്തില്‍ തന്നെ തിരുത്തിക്കുറിക്കുകയാണ് ജനകീയ ചെറുത്തുനില്‍പ്പുശക്തികള്‍. ഖുദ്‌സ് കിഴക്കും പടിഞ്ഞാറുമായി വിഭജിക്കേണ്ടെന്നും അവിഭക്ത ഖുദ്‌സ് ഫലസ്തീന്‍ രാജ്യത്തിന്റെ മാത്രം തലസ്ഥാനമാണെന്നും അതിനു തടസ്സമായി നിലവിലുള്ള ഇസ്രായേല്‍ എന്ന അപാര്‍തീഡ് കുടിയേറ്റ കോളനിയെ തങ്ങള്‍ കുടിയിറക്കുമെന്നുമാണ് ചെറുത്തുനില്‍പ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യങ്ങള്‍ പ്രതീക്ഷാദായകമല്ലെങ്കിലും ക്യാംപ് ഡേവിഡുകളിലും ഓസ്‌ലോകളിലും വീഴാതെ, ലക്ഷ്യത്തില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോവുമ്പോള്‍, വൈകല്യം കൂട്ടാക്കാതെ ഖുദ്‌സിനു വേണ്ടി പൊരുതി വെടിയുണ്ട ഏറ്റുവാങ്ങിയ ഇബ്രാഹീം അബൂതുറയ്യ പോലുള്ള രക്തസാക്ഷികളുടെയും ഖുദ്‌സിനു വേണ്ടി ഇസ്രായേല്‍ തടവില്‍ പീഡനം ഏറ്റുവാങ്ങുന്ന അഹദ്അത്തമീമിപോലുള്ള പെണ്‍പുലികളുടെയും തലമുറ സമയമെടുത്താലും ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നു വേണം കരുതാന്‍.                                           ി

RELATED STORIES

Share it
Top