യുഎഇ സര്‍ക്കാരിന്റെ നിബന്ധനയില്‍ ഇളവിനായി ഇടപെട്ടതായി കേന്ദ്രം

ന്യൂഡല്‍ഹി: യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ അധ്യാപകര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന യുഎഇ സര്‍ക്കാരിന്റെ നിബന്ധയില്‍ ഇളവ് വരുത്താനും ആവശ്യമായ നയതന്ത്ര തലത്തിലുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രേഖാമൂലം അറിയിച്ചു. വര്‍ഷങ്ങളായി യുഎഇയില്‍ ജോലിനോക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യോഗ്യരായ അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്ന തരത്തിലുള്ള പരിഷ്‌കാരമാണ് യുഎഇ സര്‍ക്കാര്‍ കൊണ്ടുവന്നത്. യുഎഇ സര്‍ക്കാരിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലിയില്‍ തുടരാന്‍ കഴിയൂ എന്ന പുതിയ നിബന്ധന നൂറുകണക്കിന് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഠിച്ച സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റിന് പുറമെ റഗുലര്‍ കോഴ്‌സാണ് പഠിച്ചതെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി—ക്ക് കാരണം. പ്രൈവറ്റായി പഠിച്ച് യോഗ്യതകള്‍ നേടിയ അധ്യാപകര്‍ യുഎഇയില്‍ ജോലി നോക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം കോഴ്‌സിന്റെ സ്വഭാവം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ അധികാരപ്പെടുത്തിയ സ്ഥാപനങ്ങള്‍ ഉണ്ടാവില്ല.
യുഎഇ സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര ചര്‍ച്ച ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top