യുഎഇ വിസയ്ക്ക് പുതിയ നിബന്ധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

യുഎഇ വിസയ്ക്ക് പുതിയ നിബന്ധന: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചുതിരുവനന്തപുരം: പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യുഎഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈ മാസം മുതല്‍ പോലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം കോണ്‍സുലേറ്റ് വഴി മാത്രം ദിവസം 300 വരെ വിസ നല്‍കുന്നുണ്ട്. വിദേശ യാത്രാരേഖകള്‍ ശരിയാക്കിക്കൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ രാജ്യത്തിന്റെ മറ്റു മേഖലകളില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിക്കൊടുക്കുന്നുണ്ട്. ഇത്തരത്തില്‍ പിസിസി ലഭ്യമാക്കുന്ന സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. കുറ്റമറ്റ രീതിയില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സികളുടെ സംയുക്ത ഇടപെടല്‍ വേണ്ടതുണ്ട്. ഇതിനായി പ്രത്യേക ഐടി അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് കൂടാതെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാന്‍ കഴിയൂ. അതു കണക്കിലെടുത്ത് പിസിസി നിര്‍ബന്ധമാക്കുന്നത് 6 മാസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതിന് യുഎഇ സര്‍ക്കാരുമായി കേന്ദ്രം ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സമഗ്രമായ വെരിഫിക്കേഷന്‍ നടത്തി സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി യുഎഇ കോണ്‍സുലേറ്റിന് കൈമാറാന്‍ ഒരുക്കമാെണന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പയ്യന്നൂര്‍ പുഞ്ചക്കാട് പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നതുവഴിയുള്ള ഗുണങ്ങള്‍ കാണാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംഭരണശാല വരുന്നതുവഴി ആ ഭാഗത്ത് ഇന്ധനലഭ്യത കൂടും. റോഡുകളിലൂടെയുള്ള ടാങ്കര്‍ ലോറികളുടെ സഞ്ചാരം കുറയ്ക്കാന്‍ കഴിയും. നിര്‍മാണ ജോലി മുഖേനയും അല്ലാതെയും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും സി കൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എണ്ണസംഭരണശാല തുടങ്ങുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് അംഗീകാരം നേടിയിട്ടുണ്ട്. സംഭരണശാല തുടങ്ങുന്നതിന് ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്ടറേറ്റ്, പെട്രോളിയം & എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ആവശ്യമാണ്. അതനുസരിച്ച് മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയുള്ളൂ. എന്നാല്‍, ഇതുസംബന്ധിച്ച് കമ്പനി അപേക്ഷ നല്‍കിയിട്ടില്ല.  നിലവിലെ നിയമപ്രകാരമുള്ള പുനരധിവാസവും നഷ്ടപരിഹാരത്തിനുള്ള നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കും. ഭൂമി എറ്റെടുക്കുന്ന നടപടികളില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു കഴിഞ്ഞ 22ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തെളിവെടുപ്പ് യോഗം നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാത പഠന റിപോര്‍ട്ടിലെ അപാകതകള്‍ സംബന്ധിച്ച ഹിയറിങില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കപ്പെട്ടതിനാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top