യുഎഇ തൊഴിലന്വേഷകര്‍ക്ക് ആറു മാസ വിസ;3,000 ദിര്‍ഹം കെട്ടിവയ്‌ക്കേണ്ട

ദുബയ്: യുഎഇയില്‍ വിദേശ സഞ്ചാരികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വിദേശികളെ ജോലിക്കെടുക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും ആശ്വാസം പകര്‍ന്ന് വിസാ ചട്ടങ്ങളിലും തൊഴിലാളികളുടെ ഇന്‍ഷുറന്‍സിലും സമൂല പരിഷ്‌കരണം. തൊഴിലന്വേഷകര്‍ക്ക് ആറുമാസത്തെ താല്‍ക്കാലിക സൗജന്യ വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴ അടയ്ക്കാതെ മടങ്ങാന്‍ സൗകര്യം, വിദേശ ജോലിക്കാര്‍ക്ക് വിസ അനുവദിക്കുന്നതിന് ആളൊന്നിന് 3000 ദിര്‍ഹം വീതം തൊഴിലുടമ കെട്ടിവയ്‌ക്കേണ്ടതില്ല എന്നിവ  ഉള്‍പ്പെട്ടതാണു പരിഷ്‌കരണം.  പുതിയ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും അവതരിപ്പിച്ചു. ഇതുപ്രകാരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വീതം വാര്‍ഷിക ഇന്‍ഷുറന്‍സ് അടച്ചാല്‍ മതി. 60 ദിര്‍ഹമിന്റെ വാര്‍ഷിക ഇന്‍ഷുറന്‍സ് പോളിസിയില്‍ ഓരോ തൊഴിലാളിക്കും 20,000 ദിര്‍ഹമിന്റെ ആനുകൂല്യങ്ങളാണ് ലഭിക്കുക. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ടിവരില്ല. വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും എടുത്തുമാറ്റി. ഇത്തരക്കാര്‍ക്ക് പിഴ അടച്ചാല്‍ വീണ്ടും പുതിയ വിസയില്‍ രാജ്യത്തെത്താം. കൂടാതെ നിക്ഷേപകര്‍ക്കും  സാങ്കേതിക വിദഗ്ധരായ തൊഴിലാളികള്‍ക്കും 10 വര്‍ഷത്തെ വിസ അനുവദിക്കുന്നതിനും താമസം അനുവദിക്കുന്നതിനുമുള്ള നിയമങ്ങള്‍ ലഘൂകരിക്കും. സയന്‍സ്, മെഡിസിന്‍ വിദഗ്ധര്‍ക്കും 10 വര്‍ഷത്തെ റസിഡന്‍സി വിസ അനുവദിക്കും. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തെ  വിസ അനുവദിക്കും. വിദേശികള്‍ക്കു നൂറു ശതമാനം നിക്ഷേപമിറക്കാനും അവസരം ലഭിക്കും.  നിലവില്‍  49 ശതമാനം വിദേശ നിക്ഷേപം  മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

RELATED STORIES

Share it
Top