യുഎഇയില്‍ 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദുബയ്: യുഎഇയില്‍ ആഗസ്ത് ഒന്നു മുതല്‍ മൂന്നു മാസത്തേക്കു പൊതുമാപ്പു പ്രഖ്യാപിച്ചു.  രേഖകളില്ലാതെ രാജ്യത്തു തങ്ങുന്നവര്‍ക്കു നാമമാത്ര ഫീസടച്ച് രാജ്യത്തു തുടരാനോ, അതല്ലെങ്കില്‍ പിഴ കൂടാതെ സ്വമേധയാ രാജ്യം വിട്ടുപോവാനോ ഉള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ എന്ന പേരിലാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിസ നിയമങ്ങളില്‍ ഇളവു വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ചാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണു പൊതുമാപ്പ് കാലാവധി.
ഇതിനിടെ രേഖകള്‍ ശരിയാക്കുകയോ ശിക്ഷാ നടപടികള്‍ക്കു വിധേയരാവാതെ രാജ്യം വിടുകയോ  ചെയ്യാം. സിറിയ, ലിബിയ, യെമന്‍ എന്നീ  രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ താമസവിസയും നല്‍കും.
യുഎഇയിലെത്തി സ്വദേശത്തെ പ്രശ്‌നങ്ങള്‍ കാരണം മടങ്ങാന്‍ കഴിയാത്തവര്‍ക്കു ഹ്യൂമാനിറ്റേറിയന്‍ വിസകളും അനുവദിക്കും. ഫലസ്തീനികളെ ഉദ്ദേശിച്ചാണിത്. വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്കും മക്കള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പില്ലാതെ യുഎഇയില്‍ താമസിക്കാന്‍ ഒരു വര്‍ഷത്തെ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2013ലാണു യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top