യുഎംടിസിയും ഏഴ് സ്വകാര്യബസ് കമ്പനികളും ഒപ്പുവച്ചു

കൊച്ചി: വിശാല കൊച്ചി മേഖലയിലെ 1500 ബസുകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഐ ടി അധിഷ്ഠിത സേവനങ്ങള്‍ നല്‍കാനുള്ള കരാറില്‍ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയും (യുഎംടിസി) ഏഴ് സ്വകാര്യ ബസ് കമ്പനികളും ഒപ്പുവച്ചു. പദ്ധതി ഏപ്രില്‍ ആദ്യം നിലവില്‍ വരും. കൊച്ചി വീല്‍സ് യുണൈറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ്, മുസിരിസ് ബസ്, മൈ മെട്രോ ബസ് സര്‍വീസ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, പ്രതീക്ഷാ ബസ് ട്രാന്‍സ്‌പോര്‍ട് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോ-ഓപറേറ്റീവ് സൊസൈറ്റി എന്നീ കമ്പനികളാണ് യുഎംടിസിയുമായി കരാര്‍ ഒപ്പുവച്ചത്. സേവനങ്ങള്‍ക്കായി ഒരു ബസ് പ്രതിദിനം അഞ്ചു രൂപ വീതം യുഎംടിസിക്ക് സര്‍വീസ് ചാര്‍ജ് ആയി നല്‍കണം. കൊച്ചി വണ്‍ ആപ് ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. സംയോജിത നഗരഗതാഗത പദ്ധതിക്കു കീഴില്‍ രൂപം നല്‍കിയ ഏഴു കമ്പനികളിലെ ആയിരം സ്വകാര്യ ബസുകളിലും 500 സര്‍ക്കാര്‍ ബസുകളിലുമാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുക. ഇതിലൂടെ യാത്രക്കാര്‍ക്ക് ബസ് എവിടെവരെയെത്തി, എങ്ങോട്ടു പോവുന്നു, തന്റെ സ്‌റ്റോപ്പില്‍ എപ്പോള്‍ എത്തും തുടങ്ങിയ കാര്യങ്ങള്‍ മൊബൈല്‍ ഫോണില്‍ അറിയാന്‍ കഴിയും. ജലമെട്രോ, ഫീഡര്‍ സര്‍വീസുകള്‍ തുടങ്ങിയവയ്ക്ക് ഒറ്റ ടിക്കറ്റ് നടപ്പാക്കുന്നതിനു മുന്നോടിയാണ് ജിപിഎസ് ഘടിപ്പിക്കല്‍.— ഇതിന്റെ മേല്‍നോട്ടം അറ്റകുറ്റപ്പണി എന്നിവ കെഎംആര്‍എലിന്റെ ചുമതലയാണ്. പുതിയ സംവിധാനം പൊതുഗതാഗതം കൂടുതലായി ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് കെഎംആര്‍എല്‍ എം ഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

RELATED STORIES

Share it
Top