യാസ്മിന്‍ മുഹമ്മദിന്റെ ശിക്ഷ മൂന്നുവര്‍ഷമായി കുറച്ചു

കൊച്ചി: ഐഎസില്‍ ആളെ ചേര്‍ത്തുവെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന്റെ ശിക്ഷ ഹൈക്കോടതി മൂന്നുവര്‍ഷമായി കുറച്ചു. ഏഴു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച എന്‍ഐഎ കോടതി വിധിക്കെതിരേ യാസ്മിന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഒന്നാംപ്രതി അബ്ദുല്‍ റാഷിദുമായും മൂന്നാംപ്രതി സോണിയാ സെബാസ്റ്റിയനുമായും നാലാംപ്രതി മുഹമ്മദ് സാജിദുമായും അഞ്ചാംപ്രതി മുര്‍ഷിദ് മുഹമ്മദുമായും ഗൂഢാലോചന നടത്തി ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യവുമായി യുദ്ധംചെയ്യാന്‍ ശ്രമിച്ചുവെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 125ാം വകുപ്പ് യാസ്മിന്റെ കേസില്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അബ്ദുല്‍ റാഷിദുമായി ചേര്‍ന്ന് നിരോധിത സംഘടനയ്ക്കു വേണ്ടി പ്രചാരണം നടത്തിയെങ്കിലും യുദ്ധം നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ വേണ്ട തെളിവുകളൊന്നുമില്ല. യുദ്ധം ചെയ്യുന്നത് സംബന്ധിച്ച് ഇവര്‍ക്കെതിരേ തെളിവുകളില്ല. പക്ഷേ, നിരോധിത സംഘടനയുടെ ആശയം പ്രചരിപ്പിച്ചതും പ്രവര്‍ത്തനത്തിനായി അഫ്ഗാനിസ്താനില്‍ പോവാന്‍ ശ്രമിച്ചതും കുറ്റകരമാണ്. നിരോധിത സംഘടനയുടെ പണം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നതിന് തെളിവുണ്ട്. ഐപിസി 125ാം വകുപ്പ് പ്രകാരവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 39, 40 വകുപ്പുകളും പ്രതിക്കെതിരേ നിലനില്‍ക്കില്ല. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് ഒരു വര്‍ഷവും യുഎപിഎ 38ാം വകുപ്പു പ്രകാരം മൂന്നുവര്‍ഷവും തടവിനു മാത്രമാണ് ഇവരെ ശിക്ഷിക്കാനാവുക. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവുമെന്നും കോടതി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലേക്ക് പോവുന്നതിനിടയില്‍ 2016 ഒക്ടോബര്‍ ഒന്നിനാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാസ്മിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ചന്തേര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് 2016 ഏപ്രില്‍ 24നാണ് എന്‍ഐഎ ഏറ്റെടുത്തത്. തുടര്‍ന്ന് 2018 മാര്‍ച്ച് 24ന് എന്‍ഐഎ കോടതി ശിക്ഷവിധിച്ചു.

RELATED STORIES

Share it
Top