യാത്ര സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടില്‍നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നു

ലണ്ടന്‍: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വജ്രവ്യാപാരി നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നതായി റിപോര്‍ട്ടുകള്‍. നീരവ് ലണ്ടനിലുണ്ടെന്ന്  മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് നീരവ് ബ്രസല്‍സിലേക്ക് കടന്നത്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബ്രസ്സല്‍സിലേക്ക് കടന്നത്.  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് നീരവ് മോദിയുടെ ഒളിച്ചോട്ടം. അതേസമയം, നീരവ് മോദി സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ആണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.കഴിഞ്ഞദിവസം നീരവ് മോദിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച മുംബൈയിലെ പ്രത്യേക കോടതി നീരവ് മോദിക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 31 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വഴി മോദി യാത്രകള്‍ നടത്തിയിട്ടില്ലെന്ന് ഇന്ത്യ ഇന്റര്‍ പോളിനെ അറിയിച്ചിട്ടുണ്ട്്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഇന്ത്യയുടെ അറസ്റ്റ് വാറന്റ് കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നടപടിയെടുക്കാന്‍ സിംഗപ്പൂരിനു മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും  ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top