യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥം

ന്യൂഡല്‍ഹി: ടിക്കറ്റ് ഓകെയായ യാത്രക്കാരന് ഓവര്‍ ബുക്കിങ് കാരണം യാത്ര നിഷേധിക്കുന്ന വിമാനക്കമ്പനിയില്‍ നിന്നും നഷ്്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന്് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).   പരിധിയില്‍ കവിഞ്ഞ സീറ്റ് ബുക്കിങ് കാരണം യാത്ര മുടങ്ങിയ വ്യക്തിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന്് ഡിജിസിഎയും എയര്‍ ഇന്ത്യയും  ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. യാത്ര നിഷേധിക്കപ്പെടുന്ന വ്യക്തിക്ക് ഡിജിസിഎ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്്. പുറമെ സിവില്‍ കോടതിയെയോ, ഉപഭോക്തൃ കോടതിയെയോ സമീപിക്കാനും അവകാശമുണ്ടെന്ന ഡിജിസിഎയുടെയും എയര്‍ ഇന്ത്യയുടെയും നിലപാടില്‍ കോടതി സംതൃപ്തി രേഖപ്പെടുത്തി. 2010ല്‍ ഡിജിസിഎ പുറപ്പെടുവിച്ച ഉത്തരവ്് നഷ്ടപരിഹാരത്തിന്് പരിധി നിര്‍ണയിച്ചിട്ടില്ലെന്നും ഡിജിസിഎ ബോധിപ്പിച്ചു. യാത്ര മുടങ്ങുന്ന വ്യക്തിക്ക് ഉടനടി നഷ്ടപരിഹാരവും യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കാന്‍ വിമാനക്കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വിമാനത്തിലെ സീറ്റില്‍ കൂടുതല്‍ ബുക്കിങ് സ്വീകരിക്കുന്ന വിമാനക്കമ്പനികളുടെ നടപടി 2010ലെ ഉത്തരവില്‍ അംഗീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പല്ലവ് മോംഗിയ എന്ന അഭിഭാഷകന്‍ ഹൈക്കോടതിയില്‍  നല്‍കിയ ഹരജിയിലാണ് വിശദീകരണം. എയര്‍ ഇന്ത്യ ഓവര്‍ബുക്കിങ് കാരണം 2015ല്‍ മോംഗിയയുടെ യാത്ര മുടക്കിയിരുന്നു. ഡിജിസിഎയുടെ സര്‍ക്കുലറില്‍ 3.2 ഖണ്ഡിക ചില വിമാനക്കമ്പനികള്‍ ഓവര്‍ ബുക്കിങ് നടത്തുന്നതായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന് അനുമതി നല്‍കിയെന്ന്് പറയുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് വിഭു ഭക്രു വ്യക്തമാക്കി.

RELATED STORIES

Share it
Top