യാത്രികര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ഫുഡ് സ്റ്റോപ്പ്

തിരുവനന്തപുരം: ദീര്‍ഘദൂര ബസ്സുകളിലെ യാത്രികര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ഫുഡ് സ്റ്റോപ്പ് പദ്ധതി നടപ്പാക്കുന്നു. തിരഞ്ഞെടുത്ത ഹോട്ടലുകള്‍ക്കു മുമ്പില്‍ ദീര്‍ഘദൂര ബസ്സുകള്‍ നിര്‍ത്തി യാത്രികര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതാണു പദ്ധതി.
പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി വിവിധ ഹോട്ടലുകളുമായി കെഎസ്ആര്‍ടിസി ധാരണയിലെത്തും. യാത്രികര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഒരുമാസത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ജീവനക്കാരുടെ താല്‍പര്യപ്രകാരം വ്യത്യസ്ത ഹോട്ടലുകള്‍ക്കു മുമ്പില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ഇതു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഹോട്ടലുകളില്‍ നിന്ന് ജീവനക്കാര്‍ കമ്മീഷനും പറ്റുന്നുണ്ട്. കെഎസ്ആര്‍ടിസി ഹോട്ടലുകളുമായി നേരിട്ടു ധാരണയിലെത്തുന്നതോടെ ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന കമ്മീഷന്‍ കെഎസ്ആര്‍ടിസിക്ക് പുതിയൊരു വരുമാനമാര്‍ഗമായി മാറും. നിലവില്‍ 2,200 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഫുഡ് സ്റ്റോപ്പ് പദ്ധതിയിലൂടെ ദിവസവും 6.6 ലക്ഷം രൂപ വരുമാനം കണ്ടെത്താന്‍ ഇതിലൂടെ കഴിയും. പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള ഹോട്ടലുകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും.
ബസ്സുകളുടെ സമയക്രമം തിട്ടപ്പെടുത്തിയശേഷം ഓപണ്‍ ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതി പ്രാവര്‍ത്തികമായാല്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാവും. കെഎസ്ആര്‍ടിസിക്ക് തീം സോങ് തയ്യാറാക്കുമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി. തച്ചങ്കരിയുടെ സംഗീതത്തിലാണ് തീം സോങ് ഒരുങ്ങുന്നത്.

RELATED STORIES

Share it
Top