യാത്രാ നിരോധത്തിനെതിരേ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മറയൂര്‍: അതിര്‍ത്തിയിലെ ഗ്രാമങ്ങളിലേക്കു യാത്ര നിരോധിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മറയൂര്‍-ഉദുമല്‍പേട്ട സംസ്ഥാന പാത ഉപരോധിച്ചു. തമിഴ്‌നാട്-അമരാവതി റേഞ്ചിന്റെ പരിധിയില്‍ കേരളത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന തളിഞ്ചി, മഞ്ഞപ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളിലേക്കു ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയിലെ സഞ്ചാരമാണ് നിരോധിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഉദേ്യാഗസ്ഥരാണു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും തളിഞ്ചി, മഞ്ഞപ്പെട്ടി ഗ്രാമവാസികളുടെയും നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്.
തളിഞ്ചി ആദിവാസി കോളനിയിലെയും മഞ്ഞപ്പെട്ടി ഗ്രാമത്തിലെയും 150 കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ഈ പാതയിലൂടെയാണു കടന്നുപോകുന്നത്. കൂടാതെ കാര്‍ഷിക വിളകള്‍ കൊണ്ടുവരുന്നതിനും ആശുപത്രിയിലേക്കും സമീപ ഗ്രാമങ്ങളിലേക്കും പോകുന്നതിനുമുള്ള ഏക പാതയാണിത്. അതേസമയം തളിഞ്ചി, മഞ്ഞപ്പെട്ടി ഗ്രാമങ്ങളിലേക്കുള്ള യാത്ര തടയുന്നതിനു നിലവില്‍ നിര്‍ദേശം നല്‍കിയിട്ടില്ലായെന്നും രണ്ടു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമ പ്രതിനിധികളുടെയും യോഗം അടുത്ത മാസം വിളിച്ചുകൂട്ടി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മൂന്നാര്‍ വനം വന്യജീവി വകുപ്പ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു.

RELATED STORIES

Share it
Top