യാത്രാ കപ്പലുകള്‍ പ്രഖ്യാപനത്തിലൊതുങ്ങി; കൊല്ലം തുറമുഖം അവഗണനയില്‍

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ കൊല്ലം തുറമുഖത്തോട് സര്‍ക്കാരിന്റെ അവഗണന തുടരുന്നു. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍ നിന്നും യാത്ര കപ്പലുകള്‍ കൊല്ലത്ത് എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ചരക്കു കപ്പലുകള്‍ പോലും തുറമുഖത്ത് എത്തുന്നില്ല.
അന്താരാഷ്ട്ര കപ്പല്‍ചാലിന്റെ ഏറ്റവും അടുത്തുള്ള തുറമുഖമായിട്ടും തുറമുഖ വികസനത്തിന്റെ കാര്യത്തില്‍ മെല്ലപ്പോക്കാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കൊല്ലം തുറമുഖത്തിന് പത്ത് നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് രാജ്യാന്തര കപ്പല്‍ചാല്‍. പ്രതിദിനം നിരവധി കപ്പലുകളാണ് തുറമുഖത്തിനു മുന്നിലൂടെ കടന്നു പോകുന്നത്. പക്ഷെ ഒരൊറ്റ കപ്പല്‍ പോലും തുറമുഖത്ത് നങ്കൂരമിടില്ല. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ ഏറ്റവും നീളം കൂടിയ വാര്‍ഫും പാസഞ്ചര്‍ ടെര്‍മിനല്‍ ഉണ്ടായിട്ടും കടുത്ത  അവഗണനയാണ് കൊല്ലം തുറമുഖത്തോട് സര്‍ക്കാര്‍ കാണിക്കുന്നത്. കപ്പലുകള്‍ക്ക് നങ്കൂരമിട്ട് ഇന്ധനം നിറയ്ക്കാനും ക്രൂ ചെയ്ഞ്ചിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ലക്ഷദ്വീപില്‍ നിന്നും മാലിയില്‍നിന്ന് പാസഞ്ചര്‍ കപ്പലുകള്‍ എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല.
വിഴിഞ്ഞം തുറമുഖത്തിന് സമാന്തരമായി കൊല്ലം തുറമുഖം കൂടി വികസിപ്പിച്ചാല്‍ അത് വലിയ നേട്ടമാകും. കരിമണല്‍, കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലം ജില്ലയ്ക്ക് അത് മുതല്‍ക്കൂട്ടാകും.
നിലവില്‍ വല്ലപ്പോഴുമെത്തുന്ന കപ്പലുകള്‍ തുറമുഖത്തെ പതിവ് കാഴ്ചയാവണമെങ്കില്‍ പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയാണ്.
ചരക്ക് കയറ്റിറക്കിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. പാസഞ്ചര്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമവും നടക്കുന്നു.
എന്നാല്‍ അടിസ്ഥാനസൗകര്യത്തിനപ്പുറം കയറ്റിറക്ക് കൂലി, തുറമുഖവുമായി ബന്ധപ്പെട്ട വിവിധ ഫീസുകള്‍ എന്നിവയില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാവണമെന്ന നിലപാടിലാണ് ഷിപ്പിങ് ഏജന്റുമാര്‍.
കൊച്ചിയില്‍ വലിയ കപ്പലുകളിലെത്തിക്കുന്ന ചരക്കുകള്‍ ചെറിയ കപ്പലുകളില്‍ കൊല്ലത്തേക്കും ഇതേരീതിയില്‍ കയറ്റുമതിക്കുവേണ്ടി കൊച്ചിയിലും എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
കശുവണ്ടി ഫാക്ടറികള്‍ ഏറെയുള്ള ജില്ലയില്‍ തോട്ടണ്ടി ഇറക്കുമതിക്ക് തുറമുഖം വലിയതോതില്‍ ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. കൊല്ലത്തെ ഫാക്ടറികളിലേക്ക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ് തോട്ടണ്ടി അധികവും എത്തുന്നത്. എന്നാല്‍ കൊച്ചിയും തൂത്തുക്കുടിയുമൊക്കെയാണ് ഇപ്പോഴും തോട്ടണ്ടി ഇടപാടുകാര്‍ ആശ്രയിക്കുന്നത്.
ജില്ലയില്‍ ഇറക്കുമതിചെയ്യുന്ന മുഴുവന്‍ തോട്ടണ്ടിയും കൊല്ലം വഴിയാക്കുകയാണെങ്കില്‍ അത് തുറമുഖ വികസനത്തിന് ഏറെ സഹായകമാവുമായിരുന്നു. കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം ചരക്കുകള്‍ കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിേലക്ക് എത്തിക്കുന്നതിനേക്കാള്‍ സാമ്പത്തിക ചെലവ് ജലമാര്‍ഗം തിരഞ്ഞെടുക്കുമ്പോഴുണ്ടാവുന്നു.
ഇതാണ് കൊല്ലം തുറമുഖത്തെ പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുറമുഖങ്ങളിലെ വിവിധ സര്‍വീസ് ചാര്‍ജുകള്‍ കുറക്കുന്നതിലൂടെ ചെലവ് ഗണ്യമായി കുറക്കാനാവുമെങ്കിലും സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ നീളുകയാണ്.  നിലവില്‍ തുറമുഖത്തിന്റെ ആഴം ഏഴര മീറ്ററാണ്. ഇത് 10 ആയി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ വലിപ്പമുള്ള കപ്പലുകള്‍ക്ക് കൂടി അടുക്കാനാവും.

RELATED STORIES

Share it
Top