യാത്രാവിമാനം വെടിവെച്ചിടാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയെന്ന് വെളിപ്പെടുത്തല്‍

മോസ്‌കോ: 2014ല്‍ റഷ്യയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഭീകരര്‍ എത്തുന്ന യാത്രാ വിമാനം  വെടിവെച്ചിടാന്‍ ഉത്തരവിട്ടിരുന്നതായി പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ വെളിപ്പെടുത്തല്‍. പുടിന്‍ എന്ന പേരില്‍ റഷ്യന്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററിയിലാണ് ഇക്കാര്യം പറയുന്നത്.സോചി ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന്റെ തൊട്ടുമുന്‍പ്  ആന്‍ഡ്രെ കോന്ദ്രഷോവ് എന്ന ഉദ്യോഗസ്ഥന് ഭീഷണി സന്ദേശമുള്ള ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഉക്രെയിനില്‍ നിന്ന് ഇസ്താംബൂളിലേക്ക് വരുന്ന യാത്രാ വിമാനം റാഞ്ചികള്‍ തട്ടിയെടുത്തുവെന്നും റാഞ്ചികളുടെ കൈവശം ബോംബുണ്ടെന്നും വിവരം ലഭിച്ചു. ഭീഷണി വിവരം അറിയിച്ച സുരക്ഷാ ഉദ്യോഗസ്ഥനോട് വിമാനം അടിയന്തിരമായി വെടിവെച്ചിടാന്‍ താന്‍ നിര്‍ദേശിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പുതിന്‍ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്. എന്നാല്‍ നിമിഷങ്ങള്‍ക്കം മറ്റൊരു ഫോണ്‍കോള്‍ ലഭിച്ചു. ഭീഷണി സന്ദേശം വ്യാജമാണ്. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളം വെച്ചിരുന്നു. വിമാനം തുര്‍ക്കിയിലേക്ക് തന്നെ പോയികൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചെന്നും  പ്രസിഡന്റ് പറഞ്ഞു.
ഈ മാസം 18ന് റഷ്യന്‍ പ്രസിഡന്റായി പുതിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനിരിക്കെയാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്.

RELATED STORIES

Share it
Top