യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരം ശേഖരിച്ച പ്ലസ് മാക്‌സ് നടപടി രാജ്യസുരക്ഷയെ ബാധിക്കുന്നത്‌

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതര്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും സിബിഐ അന്വേഷണം ആരംഭിച്ചെന്നും കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയത് ചോദ്യം ചെയ്ത് കമ്പനി അധികൃതര്‍ നല്‍കിയ ഹരജിയില്‍ കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കമ്പനി അനധികൃതമായി ശേഖരിച്ചു. ഇവ ഉപയോഗിച്ച് വിദേശ നിര്‍മിത വിദേശ മദ്യം കരിഞ്ചന്തയില്‍ വിറ്റു. ഇമിഗ്രേഷന്‍ വിവരങ്ങളും ഇതിനായി ശേഖരിച്ചു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. പ്ലസ് മാക്‌സ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇതുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണമുണ്ട്.കമ്പനിയിലെ ഉന്നതരുടെ നിസ്സഹകരണം മൂലം കസ്റ്റംസിന്റെ അന്വേഷണം വൈകുന്നുണ്ട്. അറസ്റ്റിലായ സിഇഒ സുന്ദരവാസന്‍ പല വിവരങ്ങളും പറഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു. കമ്പനിയുടെ വീഴ്ച കൊണ്ട് ഷോപ്പ് അടയ്‌ക്കേണ്ടിവന്നാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ തുക എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കണ്ടുകെട്ടാമെന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നഷ്ടമുണ്ടായെന്ന വാദം ശരിയല്ലെന്ന് വ്യക്തമാവുമെന്നും സത്യവാങ്മൂലം പറയുന്നു.

RELATED STORIES

Share it
Top