യാത്രക്കാരുടെ പരാതികള്‍ കേട്ട് കൊടിക്കുന്നിലിന്റെ ട്രെയിന്‍ യാത്ര

കൊല്ലം: പാസഞ്ചര്‍, മെമു ട്രെയിനുകളില്‍ കൊല്ലം മുതല്‍ എറണാകുളം വരെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരില്‍ മനസ്സിലാക്കുന്നതിന് ഇന്നലെ രാവിലെ കൊല്ലത്തു നിന്നും 7.45 ന് പുറപ്പെട്ട മെമു ട്രെയിനില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി  ചങ്ങനാശ്ശേരി വരെ യാത്ര ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ക്രൂരമായ പീഢനങ്ങളാണ് യാത്രക്കാര്‍ അനുദിനം നേരിടുന്നതെന്ന് എംപി പറഞ്ഞു. രാവിലെ കൊല്ലത്തു നിന്നും പുറപ്പെടുന്ന മെമുവും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ്സുമാണ് ഓഫിസ് സമയങ്ങളില്‍ ജോലിക്കായി പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഈ രണ്ട് ട്രെയിനുകളും രാവിലെ  മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. മിക്കവാറും  സര്‍ക്കാര്‍ ഓഫിസുകളില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയതോടു കൂടി  ഈ രണ്ട് ട്രെയിനുകളും വൈകുന്നതുമൂലം കൃത്യ സമയത്ത് ഓഫിസുകളില്‍ എത്താന്‍ കഴിയുന്നില്ല. പരശുറാം എക്‌സ് പ്രസ് ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം കുറവാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം കൂട്ടണമെന്നാണ് യാത്രക്കാര്‍ ഉന്നയിച്ച ഒരു ആവശ്യം. കൊല്ലം- എറണാകുളം മെമുവില്‍ എട്ടു കോച്ചുകളാണുള്ളത്. ഇത് പന്ത്രണ്ടായി വര്‍ധിപ്പിച്ചാല്‍ യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കുവാന്‍ കഴിയുമെന്നും  യാത്രക്കാര്‍ പറഞ്ഞു.മെമു ട്രെയിന്‍ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സര്‍ലീസ് നടത്തണമെന്നാണ് യാത്രക്കാരുടെ മറ്റൊരു ആവശ്യം. രാവിലെ 10.10 ന് കോട്ടയത്ത് എത്തേണ്ട മെമു 11 മണിയായിട്ടാണ് എത്തുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. യാത്രക്കാരില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലത്ത് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

RELATED STORIES

Share it
Top