യാത്രക്കാരുടെ ഇരിപ്പിടം മറിച്ചുവിറ്റ് റെയില്‍വേയുടെ പകല്‍ക്കൊള്ള

കെ വി  ഷാജി  സമത
കോഴിക്കോട്: യാത്രക്കാരുടെ ഇരിപ്പിടം ആര്‍എംഎസിനു മറിച്ചുവിറ്റ് റെയില്‍വേയുടെ പകല്‍ക്കൊള്ള. മുംബൈയില്‍ നിന്നു തിരുവനന്തപുരം വരെ പോവുന്ന 16345-46ാം നമ്പര്‍ നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിന്റെ ഒരു ഭാഗമാണ് റെയില്‍വേ മെയില്‍ സര്‍വീസിന് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നിരവധി സ്ഥിരം യാത്രക്കാര്‍ ആശ്രയിക്കുന്ന നേത്രാവതിയില്‍ ആകെ രണ്ടു ജനറല്‍ കംപാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ ഒന്നിന്റെ പകുതി ഭാഗമാണ് റെയില്‍വേ കമേഴ്‌സ്യല്‍ വിഭാഗം അനധികൃതമായി ലഗേജുകള്‍ കയറ്റുന്നതിനു വാടകയ്ക്ക് നല്‍കിയത്. നില്‍ക്കാ ന്‍ പോലും സ്ഥലമില്ലാതെയാണ് ഈ വണ്ടിയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാരായ സ്ഥിരം യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഈ അവസ്ഥയിലാണ് യാത്രക്കാര്‍ക്ക് അവകാശപ്പെട്ട സ്ഥലം പോലും വാടകയ്ക്കു നല്‍കി റെയില്‍വേ അമിത വരുമാനം ഉണ്ടാക്കുന്നത്.
റെയില്‍വേയില്‍ യാത്രക്കാരുടെ സൗകര്യങ്ങളേക്കാള്‍, ചരക്കുനീക്കത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ ഈ നടപടി. മലബാര്‍ മേഖലയിലൂടെ സര്‍വീസ് നടത്തുന്ന മിക്ക തീവണ്ടികളിലും ഇത്തരത്തില്‍ അനധികൃത ചരക്കുനീക്കം നടക്കുന്നുവെന്നു വ്യാപക പരാതികള്‍ നിലവിലുണ്ട്. യാത്രക്കാരുടെ സ്ഥലം ഇത്തരത്തില്‍ അപഹരിക്കുന്നതിനെതിരേ പൊതുപ്രവര്‍ത്തകനായ പി കെ എം ചേക്കു പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റെയില്‍വേ കമേഴ്‌സ്യല്‍ വിഭാഗം അന്വേഷണം നടത്തി ജനറല്‍ കംപാര്‍ട്ട്‌മെന്റി ല്‍ ലഗേജുകള്‍ കയറ്റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നു കണ്ടെത്തി. പി കെ എം ചേക്കു വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലും ഈ വണ്ടിയിലെ രണ്ടു ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലും ലഗേജുകള്‍ കയറ്റാന്‍ അനുമതിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഏത് ദിവസം, ഏതെല്ലാം സ്റ്റേഷനുകളി ല്‍ നിന്നാണ് ലഗേജുകള്‍ കയറ്റുന്നത് എന്ന വിവരം ബോഗിയുടെ നമ്പര്‍ ഉള്‍പ്പെടെ അറിയിച്ചാല്‍ നടപടി ഉണ്ടാവുമെന്നു തിരുവനന്തപുരം കമേഴ്‌സ്യല്‍ വിഭാഗം തലവന്‍ അറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പി കെ എം ചേക്കു ഇന്നലെ ഈ വണ്ടിയില്‍ കാസര്‍കോട്ട് നിന്നു കോഴിക്കോട് വരെ യാത്ര ചെയ്തു വിശദാംശങ്ങള്‍ ശേഖരിച്ചു. 13498ാം നമ്പര്‍ ബോഗിയാണ് ആര്‍എംഎസിന് തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോവാന്‍ നല്‍കിയിരുന്നത്. ഈ ബോഗിയോട് ചേര്‍ന്നുള്ള അംഗപരിമിതര്‍ക്കായുള്ള ബോഗിയുടെ ഒരു ഭാഗവും ലഗേജ് കയറ്റുന്നതിനായി നീക്കിവച്ചിരിക്കുകയാണെന്നും കണ്ടെത്തി. തുടര്‍ന്ന്, കോഴിക്കോട് സ്റ്റേഷന്‍ മാനേജരെയും കമേഴ്‌സ്യല്‍ മാനേജരെയും കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും ഇരുവര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാനായില്ല.
ലഗേജുകള്‍ കയറ്റാന്‍ എന്ന നിലയ്ക്കല്ല, ഇരിപ്പിടങ്ങളുടെ എണ്ണം കണക്കാക്കിയാണ് ആ ര്‍എംഎസ് സീറ്റ് ബുക്ക് ചെയ്തു തപാല്‍ ഉരുപ്പടികള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറ്റുന്നത് എന്നാണ് കോഴിക്കോട് സ്റ്റേഷനിലെ കമേഴ്‌സ്യല്‍ വിഭാഗം മാനേജര്‍ നല്‍കുന്ന വിശദീകരണം. യാത്രക്കാര്‍ക്ക് അവകാശപ്പെട്ട ഇരിപ്പിടങ്ങളി ല്‍ ഇത്തരത്തില്‍ തപാല്‍ ഉരുപ്പടികള്‍ കയറ്റുന്നത് നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതുസംബന്ധിച്ച പരാതി റെയില്‍വേ സ്റ്റേഷനിലെ പരാതി പുസ്തകത്തില്‍ രേഖപ്പെടുത്തിയതായും ഡിവിഷനല്‍ കമേഴ്‌സ്യല്‍ മാനേജര്‍ക്ക് വിശദ പരാതി നല്‍കുമെന്നും ചേക്കു പറഞ്ഞു.

RELATED STORIES

Share it
Top