യാത്രക്കാരന്‍ മറന്നുവച്ച സ്വര്‍ണക്കട്ടി പോലിസില്‍ ഏല്‍പിച്ച് ഓട്ടോഡ്രൈവര്‍

കോഴിക്കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സത്യസന്ധതക്ക്് അടിവരയിട്ട്, കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണക്കട്ടി തിരിച്ചേല്‍പിക്കാന്‍ ഓടിക്കൊണ്ടിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ സ്വദേശിയും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ ബഷീറാണ് വാഹനത്തില്‍ യാത്രക്കാരന്‍ മറന്നുവെച്ച 1.491 കിലോഗ്രം വരുന്ന സ്വര്‍ണക്കട്ടിയുമായി ഉടമയെ തേടുന്നത്. ഇന്നലെ പാളയം കമ്മത്ത് ലൈനില്‍നിന്ന് ബഷീറിന്റെ കെഎല്‍ 11 ബിസി 8451 നമ്പര്‍ ഓട്ടോയില്‍ കയറിയ യാത്രക്കാരനാണ് സ്വര്‍ണക്കട്ടി മറന്നുവച്ചത്. പിന്‍സീറ്റില്‍ ഇരിക്കുന്നത് ലക്ഷങ്ങളുടെ മുതലാണെന്ന് മനസിലായ ബഷീര്‍ ഓട്ടോ നേരെ വിട്ടത് ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്ക്്്. പോലിസ് പരിശോധനയില്‍ സ്വര്‍ണക്കട്ടിക്ക് ഏകദേശം 45 ലക്ഷം രൂപ വിലവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലിസ്. കണ്ടെത്തിയാലും കോടതി നടപടികള്‍ക്കു ശേഷമേ ഉടമക്ക്് സ്വര്‍ണം ലഭിക്കൂ എങ്കിലും, ബഷീറിനോടുള്ള നന്ദി സഹപ്രവര്‍ത്തകര്‍ മുന്‍കൂറായി തന്നെ നല്‍കി. സ്വര്‍ണം തിരിച്ചു നല്‍കാന്‍ മനസുകാണിച്ച ബഷീറിനെ സഹപ്രവര്‍ത്തകര്‍ ആരവങ്ങളോടെ എതിരേറ്റു. ഡ്രൈവര്‍ ജോലിയില്‍ പൂര്‍ണ തൃപ്തനായ ബഷീര്‍ സ്വന്തം വീടിനും ഡ്രൈവര്‍ എന്നു തന്നെയാണ് പേരിട്ടിട്ടുള്ളത്.

RELATED STORIES

Share it
Top