യാത്രക്കാരന്‍ മരിച്ചു; കരിപ്പൂരിലേക്കുള്ള വിമാനം മുംബൈയിലിറക്കി

കൊണ്ടോട്ടി: യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന്, അബൂദബിയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍ വിമാനം മുംബൈയില്‍ ഇറക്കി. തലശ്ശേരി ചൊക്ലി സ്വദേശി കലന്തര്‍കുഞ്ഞ് അബു(74)വാണ് വിമാനയാത്രയ്ക്കിടെ മരിച്ചത്. ഈ സമയം വിമാനം മുംബൈ വിമാനത്താളത്തിന്റെ പരിധിയിലായിരുന്നു. പൈലറ്റ് ഉടനെ മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തിറക്കി.
ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് കരിപ്പൂരിലെത്തി 4.40നു തിരിച്ച് അബൂദബിയിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. വിമാനം അനിശ്ചിതമായി മുംബൈയില്‍ നിര്‍ത്തിയതോടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. ഇതോടെ കരിപ്പൂരിലേക്കുള്ള യാത്ര വൈകി. പിന്നീട് പുതിയ പൈലറ്റിനെ എത്തിച്ചാണ് വിമാനം ഉച്ചക്ക് 12.30ന് കരിപ്പൂരിലെത്തിച്ചത്. ഈ വിമാനത്തില്‍ അബൂദബിയിലേക്ക് പോകാനായി 137 യാത്രക്കാര്‍ കരിപ്പൂരില്‍ എത്തിയിരുന്നു.
പൈലറ്റ് ഇല്ലാത്തതിനാല്‍ വിമാനത്തിന്റെ തിരിച്ചുപോക്ക് വീണ്ടും മുടങ്ങി. തുടര്‍ന്ന് യാത്രക്കാരില്‍ എട്ടു പേരെ മറ്റു വിമാനത്തില്‍ യാത്രയാക്കി. ശേഷിച്ചവരെ ഹോട്ടലിലേക്ക് മാറ്റി. പുതിയ പൈലറ്റിനെ എത്തിച്ച് ഇന്ന് പുലര്‍ച്ചെ 2.20ന് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top