യാചനാ നിരോധനമേര്‍പ്പെടുത്തി ഗ്രാമവാസികള്‍

മാനന്തവാടി: സോഷ്യല്‍ മീഡിയകളില്‍ നിറംപിടിപ്പിച്ച് വരുന്ന യാചകമാഫിയാ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഗ്രാമ പ്രദേശങ്ങളില്‍ യാചന നിരോധന ബോര്‍ഡുകളും ഫഌക്‌സുകളും നിറയുന്നു. പല തന്ത്രങ്ങളില്‍ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോയി അംഗ വൈകല്യം വരുത്തി ഭിക്ഷാടനത്തിനുപയോഗിക്കുന്നതായി കാണിച്ചാണ് വിഡീയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം പോലും അന്വേഷിക്കാതെ തോട്ടടുത്ത ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്നതോടെ ഇത് വൈറലായി മാറുകയാണ്. ഈയിടെ പ്രചരിക്കുന്ന പല വീഡിയോകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ നടന്ന സംഭവങ്ങളാണ്. നേരത്തെ കേരളത്തില്‍ നടന്ന ഭിക്ഷാടന മാഫിയ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. കാണാതായതായി ഫോട്ടോ വരുന്ന കുട്ടികളുടെ ഫോട്ടോകളും മാസങ്ങളോളം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കറങ്ങിനടക്കുന്നവയാണ്. കഴിഞ്ഞ ദിവസം തരുവണക്കടുത്ത ആറുവാളില്‍ നിന്നും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് തട്ടി കൊണ്ടു പോകപ്പെട്ട കുട്ടി യുവാവിനൊപ്പം ബൈക്കില്‍ പോയതാണെന്ന് ബോധ്യമായത്. ഇപ്പോഴും അത് സംബന്ധിച്ച് ഓഡിയോ പലഗ്രൂപ്പുകളിലും കറങ്ങുന്നുണ്ട്. മേപ്പാടിയില്‍ നിന്നും കുട്ടിയെ കാണാതായതായുള്ള അറിയിപ്പും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ ജനങ്ങളില്‍ ഭീതിവിതക്കുന്നവിധത്തില്‍ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഭിക്ഷാടന മാഫിയ വാര്‍ത്തകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ പല പ്രദേശങ്ങളിലും ഭിക്ഷാടനവും വീടുകള്‍ കയറിയുള്ള വില്‍പ്പനയും നിരോധിച്ചതായി കാണിച്ച് ബോര്‍ഡുകളും ഫല്‍ക്‌സുകും സ്ഥാപിച്ചു വരികയാണ്. ഇതിനും മുന്‍കൈയ്യെടുക്കുന്നത് വാട്‌സാപ്പ് ഗ്രൂപ്പുകളാണ്. ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരാണ് ഇതോടെ കൂടുതല്‍ ഭീതിയിലാവുന്നത്. എന്നാല്‍ ജില്ലയില്‍ നിന്നും ഇത്തരം സംഭവങ്ങളൊന്നും തന്നെ ഇത് വരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലിസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ജനങ്ങള്‍ ജാഗ്രത കാണിക്കുന്നതില്‍ കുറവ് വരുത്തേണ്ടതില്ലെന്നും പോലിസ് പറയുന്നു.

RELATED STORIES

Share it
Top