യന്ത്രം വാങ്ങാനുള്ള നടപടികള്‍ ചുവപ്പുനാടയില്‍; സംഘം ഇന്നെത്തും

തൃശൂര്‍: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം ഇടക്കിടെ തകരാറിലായിട്ടും പുതിയ യന്ത്രം വാങ്ങാനുള്ള നടപടി ചുവപ്പ് നാടയില്‍. മാസങ്ങള്‍ക്ക് മുമ്പ് ഒന്നരക്കോടി ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ യന്ത്രമാണ് ഇപ്പോള്‍ വീണ്ടും കേടായിരിക്കുന്നത്.
യന്ത്രത്തിന്റെ തകരാര്‍ കൃത്യമായി കണ്ടെത്താത്തതു കൊണ്ട് ഇത് ഇടക്കിടെ കേടുവരുന്നതെന്നു പറയുന്നു. വന്‍തുക നല്‍കി താല്‍ക്കാലികമായി കേടുപാട് തീര്‍ത്ത് വിദഗ്ധര്‍ ചെന്നൈയില്‍ മടങ്ങിയെത്തുമ്പോഴേക്കും വീണ്ടും യന്ത്രം കേടു വന്നിരിക്കും. പുതിയ യന്ത്രം വാങ്ങാനുള്ള നടപടികള്‍ പതിവുപോല ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയാണ്. റേഡിയേഷന്‍ സൗകര്യമില്ലാത്തതിനാല്‍ വേദന ശമിക്കാനായി പല രോഗികളും വിലകൂടിയ വേദനസംഹാരി മരുന്നുകളാണ് ഇപ്പോള്‍ വാങ്ങി കഴിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റേഡിയേഷന്‍ യന്ത്രം തകരാറിലായത്. തുടര്‍ച്ചയായി റേഡിയേഷന്‍ യന്ത്രം തകരാറിലാകുന്നത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിരവധി തവണ അപേക്ഷിച്ചിട്ടും പ്രവര്‍ത്തനരഹിതമായ റേഡിയേഷന്‍ മെഷിന് പകരം പുതിയ ഒരെണ്ണം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ ബന്ധപ്പെട്ട ആര്‍ക്കും സാധിച്ചിട്ടില്ല.
ആയിരത്തോളം രോഗികള്‍ക്കള്‍ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പല ദിവസങ്ങളിലായി ഇപ്പോള്‍ റേഡിയേഷന്‍ നടത്തുന്നത്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും നിരവധി പേര്‍ ഇവിടെ റേഡിയേഷനായി എത്തുന്നുണ്ട്.
പലര്‍ക്കും ഒന്നു മുതല്‍ 30 എണ്ണം വരെ റേഡിയേഷന്‍ തുടര്‍ച്ചയായി ചെയ്യണം. എന്നാല്‍ 10 എണ്ണം വരെ ചെയ്തവര്‍ അടുത്തത് ചെയ്യാന്‍ എത്തുമ്പോഴാണ് യന്ത്രം കേടുവന്ന കാര്യം അറിയുന്നത്. റേഡിയേഷന്‍ ചെയ്യുന്നതിനിടയില്‍ ഇതിന് മുടക്കം വന്നാല്‍ രോഗികളുടെ നില കൂടുതല്‍ പ്രശ്‌നത്തിലാകും. പാവപ്പെട്ടവര്‍ വന്‍തുക നല്‍കി സ്വകാര്യ കാന്‍സര്‍ ചികില്‍സാ റേഡിയേഷന്‍ യൂനിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
അല്ലെങ്കില്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോയി റേഡിയേഷന്‍ ചെയ്യേണ്ട ഗതികേടിലാണ്. പലരും ഇവിടേക്കൊന്നും പോകാന്‍ പണമില്ലാത്തതിനാല്‍ റേഡിയേഷന്‍ നടത്താതെ തിരികെ മടങ്ങുന്നുമുണ്ട്. തകരാറിലായ റേഡിയേഷന്‍ യന്ത്രം ശരിയാക്കാന്‍ ചെന്നൈയില്‍ നിന്നുള്ള സംഘം ഇന്നെത്തുമെന്ന് മെഡിക്കല്‍ കോളേജ് കാന്‍സര്‍ രോഗ വിഭാഗം മേധാവി ആര്‍ മഹാദേവന്‍ അറിയിച്ചു.

RELATED STORIES

Share it
Top