യന്ത്രം പണിമുടക്കല്‍ പതിവ്; ദുരിതത്തിലായി ജനം

കാളികാവ്: ഇ-പോസ് യന്ത്രം പതിവായി പണിമുടക്കുന്നതോടെ ജനം ദുരിതത്തില്‍. സര്‍ക്കാര്‍ വിതരണം ചെയ്ത യന്ത്രമാണ് റേഷന്‍ കടകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇരട്ട സിം കാര്‍ഡുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. നെറ്റ്്‌വര്‍ക്ക് തകരാറിലായാലും മൊബൈല്‍ ടവര്‍ തകരാറിലായാലും യന്ത്രം പണിമുടക്കും.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഒറ്റ സോഫ്റ്റ്‌വെയറിലാണ് പ്രവര്‍ത്തിക്കുന്നത്്. സെര്‍വര്‍ തകരാറായാല്‍ സംസ്ഥാനമൊട്ടാകെ യന്ത്രം നിശ്ചലമാവും. നേരത്തെ ആധാര്‍ കാര്‍ഡുമയി ബന്ധിപ്പിച്ച കാര്‍ഡുടകള്‍ക്ക് വേഗത്തില്‍ അരി വിതരണം നടത്താനാവും. ആധാര്‍ ലിങ്ക് ചെയ്യാത്തവരെത്തിയാല്‍ ഒട്ടേറെ സമയം റേഷന്‍ കടയില്‍ കാത്തിരിക്കേണ്ടി വരും. പലരുടെയും കൈവിരല്‍ പതിയാത്തതും വിതരണത്തിന് തടസ്സം നേരിടുന്നുണ്ട്. കാര്‍ഡില്‍ ഉള്‍പ്പെട്ടവരും അധാര്‍ ലിങ്ക് ചെയ്തവരുമാണ് അരി വാങ്ങാനെത്തേണ്ടത്. റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനും കരിഞ്ചന്ത തടയുന്നതിനുമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്.
എന്നാല്‍, മിക്കപ്പോഴും നെറ്റ്‌വര്‍ക്ക് തകരാര് നേരിടുന്ന ഗ്രാമീണ മേഖലയില്‍ ഫലത്തില്‍ ഗുണഭോക്താക്കള്‍ക്ക് പ്രയാസമാണ് അനുഭവപ്പെടുന്നത്. സര്‍വര്‍ തകരാര്‍ ചിലപ്പോള്‍ മണിക്കൂറോളം നീണ്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഇന്റര്‍നെറ്റ് കണക്്ഷന്‍ വേഗതയുള്ളതും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്ന ഗുണം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു.

RELATED STORIES

Share it
Top