യഥാര്‍ഥ പ്രശ്‌നം ജോലിയും വിദ്യാഭ്യാസവും: എം കെ ഫൈസി

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥ പ്രശ്‌നം മുത്ത്വലാഖ് അല്ലെന്നും വിദ്യാഭ്യാസവും ജോലിയുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. മുത്ത്വലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന നടപടിയെ ശക്തമായി അപലപിക്കുന്നതായും ഫൈസി പറഞ്ഞു.
ബില്ല് രാജ്യസഭയില്‍ പാസാക്കാനാവാത്ത സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിയമം പാസാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് ചെയ്തത്. പാര്‍ലമെന്ററി കമ്മിറ്റി—ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്ത ബില്ലാണ് വളഞ്ഞ വഴിയിലൂടെ ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്.
മതപണ്ഡിതരുമായി ചര്‍ച്ചനടത്തുകയോ അവരെ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ മുസ്‌ലിംകളുടെ മതവിശ്വാസത്തില്‍ ഇടപെടുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത്തരം നീക്കങ്ങളിലൂടെ മുസ്‌ലിംകളെ വരുതിയില്‍ നിര്‍ത്താനാവുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യന്‍ മുസ്‌ലിംകള്‍ ബ്രിട്ടിഷുകാരുടെ ഉരുക്കുകൈകളെ അതിജീവിച്ചവരാണെന്ന കാര്യം ഓര്‍ക്കണം
മുത്ത്വലാഖ് ചൊല്ലുന്നവരെ മൂന്നുവര്‍ഷം തടവിലിടാമെന്ന വ്യവസ്ഥ നിയമവിധേയമായ ഒരു സാമൂഹികാചാരത്തെ പെട്ടെന്ന് ക്രിമിനല്‍ക്കുറ്റമാക്കുന്ന നടപടിയാണ്. ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
മുത്ത്വലാഖിലൂടെയുള്ള വിവാഹമോചനം അപൂര്‍വമായി നടക്കുന്നതാണെന്ന് സുപ്രിംകോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും എം കെ ഫൈസി പറഞ്ഞു.

RELATED STORIES

Share it
Top