യതീംഖാനകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടരുത്: കെ പി എ മജീദ്‌

കോഴിക്കോട്:  യതീംഖാനകളെയും ശിശു സംരക്ഷണ കേന്ദ്രങ്ങളെയും 2015ലെ ബാലനീതി നിയമത്തിന്റെ പേരില്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. മതവിശ്വാസത്തിന്റെ ഭാഗമായാണ് അനാഥ ശാലകള്‍ ഏറെയും നടത്തുന്നത്. കേരളത്തിലെ മുഴുവന്‍ അനാഥാലയങ്ങളും 1960 ലെ കേന്ദ്ര നിയമ പ്രകാരം നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. 2015 ലെ ബാലനീതി നിയമത്തില്‍ അത്തരം അനാഥശാലകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ യതീംഖാനകള്‍ക്കും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കും താഴിടാന്‍ നടത്തുന്ന ശ്രമം നീതിക്ക് നിരക്കുന്നതല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്  മുഖ്യമന്ത്രിക്ക് അനാഥ-അഗതി സ്ഥാപന നടത്തിപ്പുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഹൈകോടതിയില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് വന്ന ഒരു കേസില്‍ അനാഥാലയങ്ങള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെന്നു വിധിച്ചിരുന്നു. 2015ലെ ബാലനീതി നിയമപ്രകാരം സംസ്ഥാനത്തെ യതീംഖാനകളും ശിശു സംരക്ഷണ കേന്ദ്രങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന കേരള സര്‍ക്കാറിന്റെ ഉത്തരവ് ദുഷ്ടലാക്കോടെയാണ്. അനാഥശാല നടത്തിപ്പുകാര്‍ ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ കേസ് 24 ന് സുപ്രീം കോടതിയുടെ മുമ്പാകെ വാദത്തിന് വരും. ഈ സാഹചര്യത്തില്‍ തെറ്റ് തിരുത്തി സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പതിനായിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top