യച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറി; എസ്ആര്‍പി പൊളിറ്റ് ബ്യൂറോയില്‍ തുടരും

എച്ച് സുധീര്‍

ഹൈദരാബാദ്: സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും.അഞ്ചുദിവസമായി ഹൈദരാബാദില്‍ നടന്ന സിപിഎം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത 95 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് സീതാറാം യെച്ചൂരിയെ ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായെന്നും രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്നും യെച്ചുരി വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ പാര്‍ട്ടി സുസജ്ജമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.അതേസമയം,പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗബലം 95 ആക്കി വര്‍ധിപ്പിച്ചു. പികെ. ഗുരുദാസന്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.കേന്ദ്രകമ്മിറ്റിയില്‍ 19 പുതുമുഖങ്ങളാണുള്ളത്. കേരളത്തില്‍നിന്ന് എംവി ഗോവിന്ദനും കെരാധാകൃഷ്ണനും മുരളീധരനും വിജു കൃഷ്ണനും കേന്ദ്രകമ്മിറ്റിയിലെത്തി. നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍.വി.എസും പാലോളി മുഹമ്മദ് കുട്ടിയും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി.കേന്ദ്ര കമ്മറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായി രണ്ടു പേരും, പ്രത്യേക ക്ഷണിതാക്കളായി ആറ് പേരും സെന്‍ട്രല്‍ കമ്മീഷന്‍ അംഗങ്ങളായി അഞ്ച് പേരെയും തിരഞ്ഞെടുത്തു.95 അംഗ പാനലിനെ കേന്ദ്ര കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചത്. പുതുതായി തിരഞ്ഞെടുക്കുന്നവരില്‍ ബംഗാളില്‍ നിന്ന് മൂന്ന് പേരുണ്ട്. ബസുദേബ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.
17 അംഗ പൊളിറ്റ് ബ്യൂറോയില്‍ എസ് രാമചന്ദ്രന്‍പിള്ളയെ നിലനിര്‍ത്തി. എകെ പത്മനാഭനെ ഒഴിവാക്കി.  എന്നാല്‍ എസ്ആര്‍പിയും വൈക്കം വിശ്വനും തുടരും. പ്രായപരിധിയില്‍ വിട്ടുവീഴ്ചയോടെയാണ് എസ്ആര്‍പി പിബിയില്‍ തുടരുന്നത്. ബംഗാളില്‍ നിന്നുള്ള തപന്‍സെനും നീലോല്‍പല്‍ ബസുവുവുമാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.തമിഴ്‌നാട്ടില്‍ നിന്നുള്ള എ കെ പത്മനാഭനാണ് പിബിയില്‍ നിന്ന് ഒഴിഞ്ഞത്.സമ്മര്‍ദ്ദം ചെലുത്തി യച്ചൂരിയെ മാറ്റാന്‍ കാരാട്ട് പക്ഷം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ മല്‍സരത്തിനു തയാറാണെന്ന നിലപാടായിരുന്നു യച്ചൂരിയുടേത്.

പിബി അംഗങ്ങള്‍
1. പ്രകാശ് കാരാട്ട്
2. സീതാറാം യെച്ചൂരി
3. എസ് രാമചന്ദ്രന്‍പിള്ള
4. ബിമന്‍ ബസു
5. മണിക് സര്‍ക്കാര്‍
6. പിണറായി വിജയന്‍
7. ബൃന്ദ കാരാട്ട്
8. സൂര്യകാന്ത മിശ്ര
9. കോടിയേരി ബാലകൃഷ്ണന്‍
10. എം എ ബേബി
11. സുഭാഷിണി അലി
12. ബി വി രാഘവുലു
13. ഹന്നന്‍ മുള്ള
14. ജി രാമകൃഷ്ണന്‍
15. മുഹമ്മദ് സലീം
16. തപന്‍ സെന്‍
17. നീലോല്‍പല്‍ ബസു

RELATED STORIES

Share it
Top