മൗലാനാ സജ്ജാദ് നുഅ്മാനിക്കെതിരായ കള്ളക്കേസ്; രാജ്യവ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനിക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം അരങ്ങേറി. വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് ലഖ്‌നോവിലെ ഹസ്‌റത്ത്ഗഞ്ച് പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഭാരത് മുക്തി മോര്‍ച്ചയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു.ന്യൂഡല്‍ഹിയിലെ യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ വിവിധ സംഘടനാപ്രവര്‍ത്തകരായ നൂറുകണക്കിനു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു രാത്രി ഏറെ വൈകുംവരെ കസ്റ്റഡിയി ല്‍ വച്ചു. കുന്ദാപുര, ചാംരാജ്‌നഗര്‍, ദാവന്‍ഗരി, റാം നഗര്‍, ബംഗളൂരു, ഗംഗാവതികോപ്പല്‍, ഹൂബ്ലി, യാദ്ഗിരീഷ്പുര്‍, ജംഖാണ്ഡി, ബിജാപൂര്‍, ഗുല്‍ബര്‍ഗ, സിന്ദാഗി, മഹാലിംഗപൂര്‍ ബഗാള്‍കോട്ട്, മുദോള്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. രാജസ്ഥാനിലെ കോട്ട, ഉദയ്പൂര്‍, ചിറ്റോഡിഗഡ്, അജ്മീര്‍, ബാരന്‍, ബില്‍വാര എന്നിവിടങ്ങളില്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന ഹരജി സമര്‍പ്പിച്ചു.
മുസഫര്‍പൂര്‍, വൈശാലി, ദര്‍ഭംഗ, ജാമോയി, അറാറിയ, പൂര്‍ണിയ തുടങ്ങിയ ബിഹാറിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ലഖ്‌നോ, മീറത്ത് എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ പോപുലര്‍ ഫ്രണ്ട്, ബിഎംഎം നേതാക്കള്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.
വിവിധ സംഘടനകള്‍ക്കു കീഴില്‍ ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ വന്‍ പ്രതിഷേധ റാലിയാണ് അരങ്ങേറിയത്. മഹാരാഷ്ട്രയിലുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ വിവിധ സംഘടനാ പ്രതിനിധികളും പണ്ഡിതന്‍മാരും ഇമാമുമാരും സംബന്ധിച്ചു. മുംബൈ, പൂനെ, നന്ദേഡ്, ഔറംഗബാദ്, ജ ല്‍നാ പ്രഭാനി, കാരാഡ്, ഭീവണ്ടി, ബീഡ് തുടങ്ങിയിടങ്ങളിലും പ്രതിഷേധമിരമ്പി. മറ്റു സംസ്ഥാനങ്ങളിലും നുഅ്മാനിക്കെതിരേയുള്ള പകപോക്കല്‍ രാഷ്ട്രീയത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
തങ്ങളുടെ നേതാക്കളെയും പണ്ഡിതരെയും ഭയപ്പെടുത്താനുള്ള നീക്കങ്ങളെ ദലിതുകളും മുസ്‌ലിംകളും സംയുക്തമായി ചെറുക്കുമെന്ന സന്ദേശം വിവിധ സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ടും ഭാരത് മുക്തി മോര്‍ച്ചയും സംയുക്തമായി സംഘടിപ്പിച്ച ഈ പ്രതിഷേധ പരിപാടി നല്‍കുന്നുണ്ട്.

RELATED STORIES

Share it
Top