മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ശുഹൈബിന്റെ കൊലപാതകം അപലപനീയം

തിരുവനന്തപുരം: ശുഹൈബ് കൊല്ലപ്പെട്ട് ആറ് ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം. കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറ്റവാളികള്‍ക്കെതിരേ മുഖംനോക്കാതെ നടപടികളുമായി പോലിസ് മുന്നോട്ടുപോവും. സംഭവം ഉണ്ടായ ഉടനെത്തന്നെ കുറ്റവാളികള്‍ക്കെതിരേ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.
മറ്റുള്ളവരെയും ഉടനെ പിടികൂടും. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ശുഹൈബിന്റെ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രി ഒന്നും പ്രതികരിക്കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. സ്വന്തം നാട്ടില്‍ തന്നെയുണ്ടായ ഒരു കൊലപാതകത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നിരുന്നു.

RELATED STORIES

Share it
Top