മ്യൂസിക്കല്‍ വാട്ടര്‍ ഡാന്‍സ് പ്രവര്‍ത്തനം നിലച്ചു

കളമശ്ശേരി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്കിലെ ഏറെ ആകര്‍ഷകമായ മ്യൂസിക്കല്‍ വാട്ടര്‍ ഡാന്‍സ് (ജലധാര) കഴിഞ്ഞ ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. അറ്റകുറ്റപണികള്‍ക്കുള്ള എഗ്രിമെന്റിന്റെ കലാവധി കഴിഞ്ഞ ശേഷമാണ് ജലധാര പ്രവര്‍ത്തനരഹിതമായത്.
വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തുന്നതിന് പുതിയ എഎംസി നല്‍കിയതിന് ശേഷം മാത്രമേ അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ എഎംസിക്ക് അനുമതി നല്‍കിയെങ്കിലും ജലധാര എന്ന് പ്രവര്‍ത്തനസജ്ജമാവുമെന്ന് അറിയില്ല. ക്രിസ്മസ് അവധികാലം ആഘോഷിക്കാന്‍ നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ പാര്‍ക്കില്‍ എത്തിയെങ്കിലും ജലധാര പ്രവര്‍ത്തിക്കാതിരുന്നത് എല്ലാവരെയും നിരാശപ്പെടുത്തുകയായിരുന്നു.
ദിവസേന മൂന്ന് തവണയാണ് മ്യൂസിക്കല്‍ വാട്ടര്‍ ഡാന്‍സ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് കാണുന്നതിന് നൂറുകണക്കിന് ആളുകള്‍ ദിവസവും പാര്‍ക്കില്‍ എത്തുന്നത്. ജലധാര പ്രവര്‍ത്തനരഹിതമാണ് എന്നറിയുന്നതോടെ വളരെ ദൂരെ സ്ഥലത്ത് നിന്നും വരുന്നവര്‍ നിരാശയിലാണ് മടങ്ങുന്നത്.
അതേ സമയം ഇഴജന്തുക്കളുടെ ശല്യമുളള പാര്‍ക്കില്‍ ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കാതിരിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന കമ്മിറ്റി തിരുമാനങ്ങള്‍ യഥാസമയം നടപ്പാക്കാറില്ലന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top