മ്യാന്‍മറില്‍ വംശീയാക്രമണം, ഫേസ്ബുക്ക് പങ്കുവഹിച്ചതായി യുഎന്‍ മനുഷ്യാവകാശ സംഘം

ജനീവ: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശീയ വിദ്വേഷം വ്യാപിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വലിയ പങ്ക് വഹിച്ചതായി യുഎന്‍ മനുഷ്യാവകാശ സംഘം. പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി മാറ്റുന്നതില്‍ സാമൂഹിക മാധ്യമം  നിര്‍ണായക പങ്ക് വഹിച്ചതായി യുഎന്‍ വ്യക്തമാക്കി.
യുഎന്‍ സംഘത്തിന്റെ അഭിപ്രായത്തെക്കുറിച്ച് ഫേസ്ബുക്ക് അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. എന്നാല്‍, മ്യാന്‍മറില്‍ നിന്നുള്ള വിദ്വേഷ പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു.
മ്യാന്‍മറില്‍ വംശഹത്യക്കുള്ള ശ്രമങ്ങള്‍ നടന്നുവെന്നു കരുതാന്‍ ശക്തമായ കാരണങ്ങളുള്ളതായി യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി അടുത്തിടെ അറിയിച്ചിരുന്നു. വളരെ കൃത്യമായ പങ്കാണ് മ്യാന്‍മറിലെ പ്രശ്‌നങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിച്ചതെന്നു യുഎന്നിന്റെ അന്താരാഷ്ട്ര സ്വതന്ത്ര വസ്തുതാന്വേഷണ ദൗത്യസംഘം ചെയര്‍മാന്‍ മര്‍സൂകി ദാറുസ്മാന്‍ പറഞ്ഞു.
സമൂഹത്തില്‍ വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും വെറുപ്പിന്റെയും തോത് വര്‍ധിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പങ്കുവഹിച്ചു. വിദ്വേഷ പരാമര്‍ശങ്ങള്‍ അതിന്റെ ഭാഗമായി. മ്യാന്‍മറിലെ സാഹചര്യത്തില്‍ സാമൂഹിക മാധ്യമമെന്നത് ഫേസ്ബുക്കാണ്.
ഫേസ്ബുക്ക് മ്യാന്‍മര്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി യുഎന്‍ അന്വേഷക യാങ്ഘീ ലീ പറഞ്ഞു. ജനങ്ങള്‍ക്കായി വിവരം വിനിമയം ചെയ്യാന്‍ സര്‍ക്കാര്‍ അതിനെ ഉപയോഗിക്കുന്നു. അതു ദേശീയവാദികളായ ബുദ്ധവിഭാഗക്കാര്‍ റോഹിന്‍ഗ്യര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നതിനു ഫേസ്ബുക്കിനെ ഉപയോഗിച്ചു. ഫേസ്ബുക്ക് ഒരു ഭീകരജീവിയായി മാറുന്നതിനെ ഭയക്കുകയാണെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top