മോഹന്‍ലാല്‍ മുഖ്യാതിഥി; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം/കൊച്ചി/ കൊല്ലങ്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വിശിഷ്ടാതിഥിയായി നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. ചടങ്ങില്‍ വിശിഷ്ടാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിക്കുന്നവര്‍ ചരിത്രമറിയാത്തവരാണെന്നും മന്ത്രി പറഞ്ഞു.
ലാലിന് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഇന്ന് കൈമാറും. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിനു യുക്തിയില്ല. ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കാറുണ്ട്. മുമ്പ് തമിഴ്താരം സൂര്യ വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നു. നടന്‍ ഇന്ദ്രന്‍സ് അടക്കമുള്ള പുരസ്‌കാര ജേതാക്കള്‍ക്ക് മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വിയോജിപ്പില്ല. മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആരും നിവേദനം നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന്—ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെ ഏറെ നാടകീയമായി മന്ത്രി എ കെ ബാലന്‍ തന്നെ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാവുമെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 105 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു ചലച്ചിത്ര സംഘടനകള്‍. ഈ  ഗൂഢാലോചന സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടനകള്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ജനറല്‍ സെക്രട്ടറി എം സി ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവര്‍ സംയുക്തമായാണു പരാതി നല്‍കിയത്. മോഹന്‍ലാലിനെ ഒറ്റപ്പെടുത്തി തമസ്‌കരിക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാന്‍ മലയാള ചലച്ചിത്ര മേഖല ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്നും സംഘടനാ ഭാരവാഹികള്‍ കത്തില്‍ വ്യക്തമാക്കി.
ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് വിവാദം ദുഃഖമുണ്ടാക്കിയെന്നും മോഹന്‍ലാലിന്റെ സാന്നിധ്യം ആവേശമാണെന്നും നടന്‍ ഇന്ദ്രന്‍സ്. സര്‍ക്കാര്‍ പരിപാടിയില്‍ ആരെ ക്ഷണിക്കണം എന്നു തീരുമാനിക്കുന്നത് അവരാണ്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

RELATED STORIES

Share it
Top