മോഹന്‍ലാല്‍ പങ്കെടുക്കും; ഡോ. ബിജു ബഹിഷ്‌കരിക്കുംകൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍. അതേസമയം ജൂറി അംഗം ഡോ. ബിജു പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കും. പ്രതിഷേധങ്ങള്‍ക്കിടയിലും ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിക്കുന്നതായി മോഹന്‍ലാല്‍ മറുപടി നല്‍കി. മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടി സിനിമാ സംഘടനകള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ചലച്ചിത്ര മേഖലയിലുള്ള അമ്മ ഫെഫ്ക ഫിയോക്ക് തുടങ്ങി ആറോളം സംഘടനകള്‍ പരസ്പരം ആശയ വിനിമയം നടത്തുകയും ചെയ്തു.
സര്‍ക്കാര്‍ നിലപാടുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സംഘടനകളുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം. മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുരസ്‌കാര നിര്‍ണയ ജൂറി അംഗമായ സംവിധായകന്‍ ഡോ. ബിജു ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കും. സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയും അവാര്‍ഡ് ജേതാക്കള്‍ അതിഥികളുമാകണമെന്നാണ് ഡോ. ബിജുവിന്റെ നിലപാട്. അവാര്‍ഡ് വിതരണ ചടങ്ങ് താര നിശകളാകുന്നത് തെറ്റായ കീഴ് വഴക്കമാണെന്നും ഡോ. ബിജു പറഞ്ഞു.

RELATED STORIES

Share it
Top