മോഹന്‍ലാല്‍ നല്‍കിയ ഉറപ്പുപാലിക്കണം: മന്ത്രി

തിരുവനന്തപുരം: ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണമെന്നു മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ വനിതാ കൂട്ടായ്മയ്ക്കു നല്‍കിയ ഉറപ്പുപാലിക്കണം. സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കക്ഷിയല്ല. വനിതാ കൂട്ടായ്മയ്ക്കു തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം നീക്കണം. ആവശ്യപ്പെട്ടാല്‍ മാത്രം പ്രശ്‌നത്തില്‍ ഇടപെടും. സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പി കെ ശശിക്കെതിരായ പരാതിയില്‍ ആര്‍ക്കും ആശങ്ക വേണ്ട. അന്വേഷണ റിപോര്‍ട്ട് പാര്‍ട്ടി പറഞ്ഞ സമയത്തു കൈമാറും. പെണ്‍കുട്ടിക്ക് പാര്‍ട്ടിയില്‍ വിശ്വാസമുള്ളതിനാലാണു പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.
വനിതാ കൂട്ടായ്മയ്ക്കു പിന്തുണയുമായി മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും വി എസ് സുനില്‍ കുമാറും രംഗത്തെത്തി. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണ്. അവര്‍ ഒരിക്കലും അനാഥമാവില്ല. ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മ സംഘടനയ്ക്ക് ഉള്ളില്‍ നിന്നുതന്നെ പോരാടണം. സൈബര്‍ ആക്രമണത്തില്‍ നടിമാര്‍ ഭയപ്പെടരുതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എംഎല്‍എയും നടനുമായ മുകേഷിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ഇര പരാതി നല്‍കിയാല്‍ പോലിസ് കേസെടുക്കുമെന്നു ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top