മോഹനവാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന പ്രകടനപത്രിക ബിജെപി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പയാണ് പുറത്തിറക്കിയത്. അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഭരണകാലത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. 1.5 ലക്ഷം കോടിയുടെ ജലസേചന പദ്ധതികള്‍ സ്ഥാപിക്കുമെന്നും ദേശസാല്‍കൃത സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത ഒരുലക്ഷം വരെയുള്ള കടം എഴുതിത്തള്ളാമെന്നുമാണ് വാഗ്ദാനം.
ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന യുവതികള്‍ക്ക് വിവാഹാവശ്യങ്ങള്‍ക്കായി 25,000 രൂപയും മൂന്നു ഗ്രാം സ്വര്‍ണവും നല്‍കുമെന്നും അന്നപൂര്‍ണ കാന്റീനുകള്‍ തുറക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഗോസംരക്ഷണത്തിനായുള്ള ‘ഗോസേവാ ആയോഗ്’ പദ്ധതി പുനസ്ഥാപിക്കും. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പത്രികയാണിതെന്ന് ബിജെപി എംപിയും സംസ്ഥാന നേതാവുമായ ശോഭ കരന്ദ്‌ലാജെ പറഞ്ഞു. മൂന്നുലക്ഷം പേരുമായി കൂടിയാലോചന നടത്തിയിട്ടാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top