മോഷ്ടിച്ച ബൈക്ക് വില്‍പന നടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

മഞ്ചേരി: മോഷ്ടിച്ച ബൈക്ക് ഇന്റര്‍നെറ്റു വഴി വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് മഞ്ചേരി പോലിസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊട്ടുക്കര കിഴക്കെ അപ്പാര്‍ടുമെന്റില്‍ താമസിക്കുന്ന ഹക്കിം റഹ്മാന്‍ (21)ആണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുന്നതിനിടെ പോലിസിന്റെ വലയിലാവുകയായിരുന്നു. ഒഎല്‍എക്‌സ് സൈറ്റില്‍ പരസ്യം നല്‍കി വാഹനം വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. മഞ്ചേരി, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ ഭാഗങ്ങളില്‍ നിന്നു കഴിഞ്ഞ ആറു മാസത്തിനിടെ നാലു ബൈക്കുകള്‍ മോഷണം പോയതായി പോലിസില്‍ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ജനുവരി 29ന് കളവുപോയ വള്ളുവമ്പ്രം സ്വദേശി കൊമ്മേരി അരുണിന്റെ വാഹനമാണ് ഹക്കിമില്‍ നിന്നു കണ്ടെടുത്തത്. മോഷണങ്ങള്‍ നടന്ന ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലിസ് പരിശോധിച്ചുവരുന്നതിനിടെ ഇന്റര്‍നെറ്റില്‍ വാഹനം വില്‍പന നടത്താന്‍ പരസ്യം ചെയ്തതായി കണ്ടെത്തുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സമാന രീതിയില്‍ ഇയാള്‍ നടത്തിയ മോഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
സിഐ എന്‍ ബി ഷൈജു, എസ്‌ഐമാരായ ജലീല്‍, ഷാജിമോന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, അസീസ്, പി സഞ്ജീവ്, മധുസൂദനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top