മോഷ്ടാക്കളെ തിരിച്ചറിഞ്ഞു; പിടികൂടാനാവുന്നില്ലെന്ന് പോലിസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കഴിഞ്ഞ ഒരുമാസമായി നടക്കുന്ന തുടര്‍ മോഷണങ്ങള്‍ക്കുപിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് മുന്നാസിങും സംഘവുമെന്ന് സൂചന. ഇയാളുടെ കൂട്ടാളിയും കൊല്ലം ജയിലില്‍ സഹതടവുകാരനുമായിരുന്ന യുവാവാണ് അടുത്തിടെ നടന്ന മോഷണങ്ങളില്‍നിന്ന് നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളില്‍നിന്ന് സൂചനയുള്ളതായി ചെങ്ങന്നൂര്‍ സിഐ എ ദിലീപ്ഖാന്‍ പറയുന്നു. മോഷണത്തെ തുടര്‍ന്ന് ജയിലിലായിരുന്ന ഇരുവരും മോചിതരായ ശേഷം സംഘം ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നു. ഇപ്പോള്‍ കൊല്ലം പറവൂര്‍ സുനാമി കോളനിയില്‍ താമസക്കാരനാണ് യുവാവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ പോലിസ് ഇയാളെ അന്വേഷിച്ച് പ്രദേശത്തെത്തിയെങ്കിലും പിടികൂടാനായിട്ടില്ല. രഞ്ജിത് മുന്നാ സിങിനുവേണ്ടിയും ഊര്‍ജ്ജിത അന്വേഷണമാണ് പോലിസ് നടത്തുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ വാഹന നമ്പരുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. മോഷ്ടാക്കളെ കണ്ടെന്ന നാട്ടുകാരുടെ സൂചന അനുസരിച്ചാണ് പോലീസ് വാഹന നമ്പര്‍ പരിശോധിക്കുന്നത്. ചെങ്ങന്നൂര്‍ അരീക്കര മംഗലത്തുവീട്ടില്‍ മുന്നാസിങ് എന്ന് വിളിക്കുന്ന രഞ്ജിത്ത് (33) പന്ത്രണ്ടാം വയസ്സില്‍ അയല്‍ക്കാരി സ്ത്രീയുടെ വള മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. പിന്നീട് നിരവധി മാല മോഷണം വാഹന മോഷണങ്ങള്‍ സ്ത്രീകളെ ആക്രമിക്കല്‍, സ്‌കൂളില്‍ കയറി തോക്കുചൂണ്ടി അധ്യാപികയെ ഭീഷണിപ്പെടുത്തല്‍, മാന്തുകയില്‍ റബര്‍ കടയില്‍ തോക്കുചൂണ്ടി പണം അപഹരിക്കാനുള്ള ശ്രമം എന്നിവയില്‍ പ്രതിയാണ്. ഓരോ മോഷണം കഴിഞ്ഞും ജയില്‍ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തി വീണ്ടും മോഷണം നടത്തുകയും പിടിക്കപ്പെടുകയുമാണ് ഇയാളുടെ രീതി. ഇക്കുറി ജയിലില്‍നിന്നിറങ്ങിയശേഷം കൂട്ടാളിയുടെ സഹായത്താല്‍ മോഷണം നടത്തുന്നതിനാലാണ് ഇതുവരെ പിടിക്കപ്പെടാതെ ഒളിവില്‍ കഴിയുന്നതെന്ന് പോലിസ് പറയുന്നു.

RELATED STORIES

Share it
Top