മോഷണ ശ്രമത്തിനിടെ കുറ്റവാളി പിടിയില്‍

ചവറ: മോഷണശ്രമത്തിനിടെ നിരവധി കേസില്‍ ഉള്‍പ്പെട്ട കുറ്റവാളി പിടിയിലായി. ചവറ അമ്മാച്ചന്‍കാവിനു സമീപമുള്ള ചെറുകുളം കോളനിയില്‍ താമസിച്ചു വരുന്ന നിസ്സാര്‍ (41) ആണ് പിടിയിലായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നോടെ താന്നിമൂട് കുടുംബ ക്ഷേത്രത്തിനു സമീപമുള്ള പെരുമ്പുഴ വീട്ടില്‍ ബാബുധര കുരുക്കളുടെ വീട്ടിലാണ് സംഭവം. ചായ്പ്പിലൂടെ  വീട്ടിനുള്ളിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ നിസ്സാര്‍ അവിടെ ഉണ്ടായിരുന്ന പാത്രങ്ങളുമായി നിലത്ത് വീണു. പാത്രങ്ങളുടെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുക്കാരാണ് മോഷ്ടാവിനെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിസ്സാറിനെ രാവിലെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. നിസ്സാറിന്റെ മൊബൈല്‍ ഫോണും ചെരുപ്പും ബാബുധര കുരുക്കളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. നിസ്സാര്‍ സംഭവ ദിവസം രാത്രി പത്തിന് ഭരണിക്കാവ് മിനി മുക്കിന് സമീപമുള്ള ചായക്കടയില്‍ എത്തി ഉടമ ഹുസൈനെ ഭീഷണിപ്പെടുത്തിയെന്നും പോലിസ് പറഞ്ഞു. ചവറയില്‍ മൂന്നും കൊല്ലം പള്ളിത്തോട്ടത്ത് രണ്ട് മോഷണക്കേസുമുണ്ടെന്ന് പോലിസ് പറഞ്ഞു. ചവറ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐമാരായ ജയകുമാര്‍ ,സതീഷ് ശേഖര്‍ ,എ എസ് ഐ റഹീം എന്നിവരുടെ നേതൃത്വത്തിലാണ് നിസ്സാറിനെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top