മോഷണ പരമ്പര തുടരുന്നു; ഭീതിയോടെ നാട്ടുകാര്‍

പെരുമ്പാവൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര അരങ്ങ് തകര്‍ക്കുമ്പോള്‍ പോലിസ് നോക്കുകുത്തിയാവുന്നു.
കഴിഞ്ഞ ദിവസം രാത്രി അയ്മുറി കനാല്‍ക്കവല, കയ്യുത്തിയാല്‍ മേഖലയില്‍ അഞ്ച് വീടുകളിലാണ് കവര്‍ച്ച നടന്നത്. അയ്മുറി കളമ്പാട്ടുകുടി വര്‍ഗീസ്, സഹോദരി ബീന, ചെട്ടിയാകുടി പൗലോസ്, പത്രോസ്, കളമ്പാട്ടുകുടി ജോണ്‍സണ്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ജോണ്‍സന്റെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണവും പത്രോസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ കമ്മലും പണവും മോഷണം പോയിട്ടുണ്ട്. കവര്‍ച്ച നടന്ന വീടുകളിലുള്ളവര്‍ വേളാങ്കണ്ണിക്ക് പോയിരിക്കുകയായിരുന്നു. വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വീടുകളിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. പെരുമ്പാവൂര്‍, കാഞ്ഞിരക്കാട്  എന്നിവിടങ്ങളില്‍ മുമ്പ്  സമാനമായ രീതിയില്‍ വീടുകളില്‍ മോഷണം നടന്നിട്ടുണ്ട്.
ആളില്ലാത്ത വീടുകള്‍ നോക്കിയാണ്  ഇവര്‍ കവര്‍ച്ച നടത്തുന്നത.് എന്നാല്‍ ഇതുവരെയായിട്ടും തുമ്പുണ്ടാക്കാന്‍ പോലിസിനായിട്ടില്ല. കോടനാട് പോലിസ്   സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയുന്നു.

RELATED STORIES

Share it
Top