മോഷണക്കേസ് പ്രതി കോടതിവളപ്പില്‍ കൈത്തണ്ട മുറിച്ചു

മലപ്പുറം:  ബുള്ളറ്റ് മോഷണക്കേസില്‍ കൊണ്ടോട്ടി പോലിസ് അറസ്റ്റുചെയ്ത പ്രതികളിലൊരാള്‍ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ കൈതണ്ട മുറിച്ചു. ഇന്നലെ ഉച്ചയോടെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവച്ചാണ് സംഭവം. കേസില്‍ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളിലൊരാളായ സ്വാലിഹ് (22) ആണ് മൂര്‍ച്ചയേറിയ കല്ലുപയോഗിച്ച് കൈതണ്ട മുറിച്ചത്.
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കൊണ്ടുവന്ന പ്രതികളെ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ കൊണ്ടുപോവുന്നതിനിടെയാണ് കൃത്യം ചെയ്തത്. കോഴിക്കോട് എആര്‍ ക്യാംപിലെ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു സുരക്ഷ ചുമതല. എന്നാല്‍, ഇവരുടെ കണ്ണുവെട്ടിച്ചാണ് കൃത്യം ചെയ്തത്. ഒരു കൈയാമത്തില്‍ ഇരു പ്രതികളുടേയും കൈകള്‍ ബന്ധിപ്പിച്ചിരുന്നു. നടന്നുവരികയായിരുന്ന പ്രതികളിലൊരാള്‍ ജില്ലാ കലക്ടറുടെ ഓഫിസു സമീപത്തുവച്ച് കൈതണ്ട മുറിക്കുകയായിരുന്നു. ഉടനെ തന്നെ മലപ്പുറം പോലിസെത്തി കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയില്‍ നാലോളം മുറിവുകളുണ്ട്. മുറിവ് സാരമല്ലെന്ന് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ ഇരുപ്രതികളെയും റിമാന്റ് കലാവധി നീട്ടുന്നതിനാണ് കോടതിയില്‍ ഹജരാക്കിയതെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് നിന്നു ബസ്സിലാണ് പ്രതികളെ മലപ്പുറത്തേക്ക് കൊണ്ടു വന്നത്. പ്രഥമ ശുശ്രൂശയ്ക്കുശേഷം പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top