മോഷണക്കേസില്‍ യുവാവിന്റെ അറസ്റ്റ്; അന്വേഷണത്തില്‍ അപാകതയെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: വെള്ളറടയില്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേസില്‍ പോലിസ് അന്വേഷണത്തില്‍ അപാകതയെന്ന് എസ്പിയുടെ അന്വേഷണ റിപോര്‍ട്ട്. ഇതുസംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാര്‍ ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി.
അറസ്റ്റിലായ റെജിനെന്ന യുവാവ് നിരപരാധിയാണെന്നു പറയാനാവില്ലെങ്കിലും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എസ്പി പ്രതികരിച്ചു. കേസിലെ വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതാണ് ഉചിതമെന്നും എസ്പി യുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴു മാസം മുമ്പു വെള്ളറടയിലെ രണ്ടു കടകളില്‍ നടന്ന മോഷണത്തിലാണ് റെജിനെ പോലിസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിലുള്ള ഒരാള്‍ക്ക് റെജിനുമായി സാദൃശ്യമുണ്ടെന്ന പേരിലാണ് അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലിലടച്ചത്. ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടിയില്‍ വീഴ്ച സംഭവിച്ചെന്നു കാണിക്കാനായി എസ്പിയുടെ റിപോര്‍ട്ടില്‍ പറയുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.
മുഖസാദൃശ്യത്തിനപ്പുറം മറ്റു സംശയാതീതമായ തെളിവുകളൊന്നുമില്ല. രണ്ടുപേര്‍ ചേര്‍ന്നു നടത്തിയ മോഷണത്തില്‍ റെജിനെ മാത്രം അറസ്റ്റ് ചെയ്തു കുറ്റപത്രം കൊടുത്തതു സംശയമുളവാക്കുന്നു. മോഷ്ടാക്കളെത്തിയതു പള്‍സര്‍ ബൈക്കിലാണെങ്കില്‍ റെജിന്റെ കൈയില്‍ നിന്നു കണ്ടെടുത്തത് മറ്റൊരു ബൈക്കാണ്. ഈ സാഹചര്യത്തില്‍ റെജിനെതിരെയുള്ള കേസിന്റെ വിചാരണ കോടതി അനുമതിയോടെ നിര്‍ത്തിവയ്ക്കാനാണു തീരുമാനം. കൂടാതെ നിരപരാധിയെ കുടുക്കിയോയെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വെള്ളറട എസ്‌ഐയും സിഐയും ചേര്‍ന്ന് അഞ്ച് ദിവസം കസ്റ്റഡിയിലിട്ടു മര്‍ദിച്ചെന്നും റെജിന്‍ പരാതിപ്പെട്ടിരുന്നു. ഇതിനു തെളിവില്ലെന്നാണ് എസ്പിയുടെ റിപോര്‍ട്ട്. പോലിസ് കള്ളനാക്കിയതോടെ ജോലി വരെ നഷ്ടമായ റെജിന്‍ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള പോരാട്ടത്തിലാണ്.

RELATED STORIES

Share it
Top